റോഡ് ഷോയ്ക്കിടെ നോട്ടുകള്‍ ജനങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഡി.കെ. ശിവകുമാര്‍ ; വീഡിയോ വൈറൽ

ബെംഗളൂരു: മാണ്ഡ്യയില്‍ റോഡ് ഷോയ്ക്കിടെ ജനങ്ങള്‍ക്കിടയിലേക്ക് നോട്ടുകള്‍ എറിഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ജനങ്ങള്‍ക്ക് നേരെ നോട്ടുകളെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പ്രചരിച്ചത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചു.

കോണ്‍ഗ്രസിന്റെ നേൃത്വത്തില്‍ നടക്കുന്ന പ്രജ ധ്വനി യാത്ര മാണ്ഡ്യയിലൂടെ കടന്നുപോകുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരു ബസിന് മുകളില്‍ നില്‍ക്കുന്ന ശിവകുമാര്‍ റാലിയ്ക്കിടെ ജനങ്ങള്‍ക്കിടയിലേക്ക് 500-ന്റെ നോട്ടുകള്‍ എറിയുന്നത് ദൃശ്യങ്ങളിൽ കാണാനാകും.

കർണാടക തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നേതാവാണ് ശിവകുമാര്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍
വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും. 224- അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതിനോടകം അവരുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ക ര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്‌. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക.