സംസ്ഥാനത്ത് സ്‌കൂൾ പ്രവേശന പ്രായം ആറാക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കില്ല- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലങ്ങളായി സ്‌കൂളില്‍ അഞ്ച് വയസ്സിലാണ് കുട്ടികളെ ചേര്‍ക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ സമൂഹത്തെ വിശ്വാസത്തില്‍ എടുത്തും ബോധ്യപ്പെടുത്തിയുംമാത്രമെ അത് സാധിക്കു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്‌കൂള്‍ പ്രവേശനത്തിന്റെ പ്രായം ആറ് വയസ്സാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം കേന്ദ്രം വിഷയത്തില്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും അത്തരം ഒരു നിര്‍ദേശം വന്നാല്‍ പരിഗണിക്കാം എന്നാണ് സംസ്ഥാനം പറയുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസം രാജ്യത്തിന് മാതൃകയാണ്. കേരളത്തിലെ സ്‌കൂള്‍ പ്രായം എത്തിയ എല്ലാ കുട്ടികളും സ്‌കൂളില്‍ എത്തുന്നുണ്ട്. തുടര്‍ന്ന് എല്ലാവരും തന്നെ 12-ാം ക്ലാസ് വിദ്യാഭ്യാസം വരെ പൂര്‍ത്തിയാക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് എട്ട് കോടിയോളം കുട്ടികളാണ് രാജ്യത്ത് സ്‌കൂള്‍ എത്തുന്നത്. എന്നാല്‍ തുടര്‍ പഠനം നടത്താതെ കൊഴിഞ്ഞ് പോകുന്ന കുട്ടികളുടെ എണ്ണവും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. നിലവിലെ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.