നായക്ക് വെള്ളവും ഭക്ഷണവും കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നു.

കോഴിക്കോട്/ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായക്ക് വെള്ളവും ഭക്ഷണവും കൊടുക്കാതെ പട്ടിണിക്കിട്ട് കൊന്നു. കോഴിക്കോട് എടക്കാട് നടന്ന സംഭവത്തിൽ ഒരു വാടക വീട്ടിൽ രണ്ട് വയസുള്ള നായയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

പീപ്പിള്‍സ് ഫോര്‍ അനിമല്‍ എന്ന സംഘടനയാണ് എലത്തൂര്‍ പൊലീസില്‍ സമ്പത്തിൽ പരാതി നല്‍കിയിരിക്കുന്നത്. മൃഗ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെയാണ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

വാടക വീട്ടിൽ കുടുംബവുമായി വഴക്കിട്ടു നായയുമായി വിപിൻ താമസിച്ചു വരുകയായിരുന്നു. കുടുംബ പ്രശനം രമ്യമായി പരിഹരിക്കപ്പെട്ടതോടെ വിപിന്‍ വീട് ഒഴിഞ്ഞ് പോയെങ്കിലും നായയെ കൂട്ടി പോയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നായയെ റെസ്‌ക്യൂ ചെയ്ത് ദത്ത് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ എലത്തൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ നായ ചത്തു. പിന്നാലെയാണ് ഉടമയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കുന്നത്.

കുടുംബ പ്രശ്‌നങ്ങള്‍ മൂലം തനിച്ച് താമസിക്കുമ്പോഴാണ് നായയെ വാങ്ങിയതെന്നും പ്രശ്‌നങ്ങള്‍ അവസാനിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ നായയെ കൊണ്ടു പോകാന്‍ പറ്റിയില്ലെന്നുമാണ് ഉടമയായ വിപിന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എല്ലാ ദിവസവും നായയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നെന്നും, കുറച്ച് ദിവസമായി തനിക്ക് പോവാന്‍ പറ്റാതിരുന്നതിനാല്‍ ഒരു സുഹൃത്തിനെ ഭക്ഷണം നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വിപിന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലാണ് നായയുടെ പോസ്റ്റുമോർട്ടം നടത്തിയത്. നായയുടെ ശരീരത്തില്‍ ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും അംശം ഇല്ലായിരുന്നെന്നും മൃതദേഹം അഴുകിത്തുടങ്ങിയതിനാല്‍ ആന്തരികാവയങ്ങളുടെ പരിശോധയ്ക്ക് ശേഷമേ മരണ കാരണം പറയാനാകൂ എന്നും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.