ഇരട്ട നരബലി: ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.

കൊച്ചി. കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. അന്വേഷണ സംഘം 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് വനിത കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.

ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പ്രതികരിച്ചിരിക്കുന്നത്. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നീ സ്ത്രീകളാണ് അതിക്രൂര കൊലപാതകത്തിന് ഇരയാവുന്നത്. സംഭവം ഗൗരവത്തോടെ കാണുന്നു. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടന്നതായി കേൾക്കുന്നത്. മറുപടി തൃപ്തികരം അല്ലെങ്കിൽ ഇടപെടും രേഖ ശർമ പറഞ്ഞു.

നരബലി, മനുഷ്യക്കടത്ത് എന്നിവയ്ക്ക് എതിരെ ശക്തമായ പ്രചാരണം കേരളത്തിൽ വേണം. അതിന് വേണ്ടി സംസ്ഥാന സർക്കാർ തയാറാകണം. വളരെ ദുഃഖകരമായ സംഭവമാണിത്. ഏജൻ്റുമാർക്ക് നിർണായക പങ്കുണ്ട്. ഇവരെ പിടികൂടുക പ്രയാസം. സ്ത്രീകളെയും വിദ്യാഭ്യാസമില്ലാത്ത വരെയും ആണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും – രേഖാ ശർമ്മ പറഞ്ഞു. സംഭവത്തിൽ സമൂഹത്തിന് ആകെ വീഴ്ച പറ്റിഎന്നും, പൊതുസംവിധാനങ്ങൾക്കടക്കം ജാഗ്രത കുറവുണ്ടായെന്ന് ആനി രാജ പറഞ്ഞു. മന്ത്രവാദമടക്കമുള്ള കാര്യങ്ങൾ മേലിൽ നടക്കാതിരിക്കാൻ ജാഗ്രത പുലർത്തണം – ആനി രാജ പറഞ്ഞു.