നിങ്ങള്‍ പൂരത്തോട് ഒരു നോ പറഞ്ഞാല്‍ ചിലപ്പോള്‍ ചരിത്രമാവും; ഡോ. നെല്‍സണ്‍ ജോസഫ്

തൃശ്ശൂര്‍ പൂരത്തോട് ജനങ്ങള്‍ നോ പറഞ്ഞ് ആള്‍ക്കൂട്ടം ഒഴിവാക്കണമന്നും അങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരണമെന്നും ഡോ. നെല്‍സണ്‍ ജോസഫ്. ട്രാഫിക്ക് എന്ന സിനിമയിലെ ഏറെ ജനപ്രീതി നേടിയ സംഭാഷണത്തിന് സമാനമായ രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിങ്ങള്‍ പൂരത്തോട്‌ യെസ്‌ പറഞ്ഞാല്‍ ഇവിടെ നല്ലത്‌ ഒന്നും സംഭവിക്കണമെന്നില്ല. മറ്റ്‌ ഏതൊരു പൂരവും പോലെ ഇതും കടന്നങ്ങ്‌ പോവും, ആള്‍ക്കൂട്ടമുണ്ടാവും. പക്ഷേ നിങ്ങളുടെ ഒരു നോ ചിലപ്പോള്‍ ചരിത്രമാവും. ഒരു വര്‍ഷമായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കേരളത്തിനും മുന്നോട്ട്‌ പോവാന്‍ ധൈര്യം പകരുന്ന ചരിത്രം’- ഡോ. നെല്‍സണ്‍ ജോസഫ് പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തില്‍ ആളുകള്‍ തിങ്ങികൂടരുതെന്ന അഭിപ്രായവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്നാണ് ഇവര്‍ പറയുന്നത്.