തൃശൂർ ബി.ജെ.പി പിടിച്ചത് ആശങ്കപ്പെടുത്തുന്നു, സംസ്ഥാന വ്യാപക തോൽവി പരിശോധിക്കും

തൃശൂരിൽ ബിജെപി സീറ്റു പിടിച്ചതിൽ ആശങ്ക അറിയിച്ച് പത്തനംതിട്ടയിൽ തോറ്റ ഡോ തോമസ് ഐസക്.കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ്‌ കേരളത്തിൽ നിന്നും ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയർന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണ്. സംസ്ഥാന വ്യാപകമായ പരാജയം പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി- പ്രസ്ഥാവന

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് ഏറ്റ നിർണായകമായ തിരിച്ചടിയാണ് 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പ്. ഏറ്റവും വിഷലിപ്തമായ വർഗീയ ദുഷ്പ്രചരണത്തെയും ഇലക്ഷൻ കമ്മീഷൻ അടക്കമുള്ള ഔദ്യോഗിക ഏജൻസികളുടെ ദുരുപയോഗത്തെയും നഗ്നമായ ഭീഷണികളെയും അതിജീവിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വിധി എഴുതിയിരിക്കുകയാണ്. ബിജെപിയുടെ 400 സീറ്റ്‌ ഒരു ദിവാസ്വപ്നമായി മാറിയിരിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ല. എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ടാക്കാനാകുമൊയെന്ന് കാത്തിരുന്നു കാണണം.

സംഘപരിവാർ അജയ്യമാണെന്ന ധാരണ തിരഞ്ഞെടുപ്പ് പൊളിച്ചിരിക്കുകയാണ്. വർഗ്ഗീയ ശക്തികൾക്കെതിരെ തുടർന്നുള്ള പോരാട്ടങ്ങൾക്കും ആത്മവിശ്വാസം തിരഞ്ഞെടുപ്പ് ഫലം നൽകുന്നു.കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഇന്ത്യ മുന്നണിയെ പിന്തുണക്കുന്ന ശക്തികളാണ്. എന്നാൽ യുഡിഎഫിനെ കേരളത്തിൽ നിന്നും ജനങ്ങൾ മുഖ്യമായി തിരഞ്ഞെടുക്കുകയുണ്ടായി. ബിജെപിക്ക് ഒരു സീറ്റ്‌ കേരളത്തിൽ നിന്നും ജയിക്കാനായതും അവരുടെ വോട്ടിങ് ശതമാനം ഉയർന്നതും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടേണ്ട കാര്യമാണ്. എൽഡിഎഫിന് ഉണ്ടായിട്ടുള്ള ഈ സംസ്ഥാന വ്യാപകമായ തിരിച്ചടിയുടെ കാരണങ്ങൾ മുന്നണി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും.
പത്തനംതിട്ടയിൽ പോൾ ചെയ്ത വോട്ടും വോട്ടിങ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ് ശതമാനം കുറയുകയും ഉണ്ടായി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ്ങ് ശതമാനം വീണ്ടും ഉയർന്നു. എന്നാൽ 2019-ലേക്കാൾ മൂന്ന് ശതമാനത്തോളം കുറവാണ്.
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. എനിക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസക്കാലത്തോളം പ്രവർത്തിച്ച പത്തനംതിട്ട ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോടും നേതാക്കന്മാരോടും വോട്ടർമ്മാരോടും നന്ദി പറയുന്നു. എംപി ആയില്ലെങ്കിലും മൈഗ്രേഷൻ കോൺക്ലെവ് വഴി ഏറ്റെടുത്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി തുടർന്നും ഇവിടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി തുടരും. തിരഞ്ഞെടുപ്പിൽ ജയിച്ച ശ്രീ. ആന്റോ ആന്റണിക്ക് അഭിനന്ദനങ്ങൾ നേരുന്നു.ആലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച സ. കെ. രാധാകൃഷ്ണന് അഭിവാദ്യങ്ങൾ.