മേഘാലയയില്‍ നാടകീയ നീക്കങ്ങള്‍; എച്ച്എസ്പിഡിപി സാങ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു

ന്യൂഡല്‍ഹി. മേഘാലയയില്‍ തിരഞ്ഞെടുപ്പിന് ശേഷം നാടകീയ നീക്കങ്ങള്‍. എന്‍പിപി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെ എച്ച്എസ്പിഡിപി പിന്തുണ പിന്‍വലിച്ചു. രണ്ട് എംഎല്‍എമാരാണ് എച്ച്എസ്പിഡിപിയ്ക്ക് ഉള്ളത്. ഇവര്‍ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് സാങ്മ ഗവര്‍ണറെ കണ്ടത്.

എന്നാല്‍ പിന്തുണ പിന്‍വലിക്കുകയാണെന്ന് എച്ച്എസ്പിഡിപി അധ്യക്ഷന്‍ കെപി പാങ്‌നിയാങ് കോണ്‍റാഡിനെ അറിയിച്ചു. ബിജെപി നേരത്തെ എന്‍പിപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 60 അംഗ നിയമസഭയില്‍ 31 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കുവാന്‍ വേണ്ടത്. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ 59 സീറ്റുകളിലാണ് മത്സരം നടന്നത്.