സ്വന്തം ജനങ്ങളുടെ കാര്യം ശ്രദ്ധിക്കു; പാക്കിസ്ഥാന് മറുപടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി. അടിസ്ഥാനരഹിതമായ പ്രചാരണത്തിന് പകരം സ്വന്തം ജനതയുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പാക്കിസ്ഥാനോട് നിര്‍ദേശിച്ച് ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച പാക്കിസ്ഥാന് ഇന്ത്യന്‍ പ്രതിനിധി പൂജാനി ചുട്ടമറുപടി നല്‍കിയത്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പേരാട്ടം നടത്തുമ്പോള്‍ പാക്കിസ്ഥാന്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്.

ആ രാജ്യത്തെ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടും അടിസ്ഥാനരഹിതമായ പ്രചാരണത്തിനുപകരം സ്വന്തം ജനതയുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കുന്നു എന്നായിരുന്നു പൂജാനിയുടെ പാക്കിസ്ഥാനുള്ള മറുപടി. കശ്മീര്‍ ജനതയുടെ ഉപജീവനമാര്‍ഗം ഇന്ത്യ ഇല്ലാതാക്കുകയാണെന്നും വീടുകള്‍ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചുമാണ് ജനങ്ങളെ ഉപദ്രവിക്കുന്നതെന്നും. കശ്മീരികള്‍ക്കെതിരായ ശിക്ഷ വര്‍ധിപ്പിച്ചിരിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.

അതേസമയം തുര്‍ക്കിയും ഒഐസിയും ഇന്ത്യയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തെ സീമ പൂജാനി ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ആഭ്യന്തരമായ കാര്യത്തില്‍ തുര്‍ക്കി നടത്തിയ അഭിപ്രായങ്ങളെ അപലപിക്കുന്നുവെന്നുവെന്നും തങ്ങളുടെ ആഭ്യന്തരമായ കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കുവാനും സീമ പൂജാനി ഉപദേശിച്ചു.