കണ്ണൂർ ലഹരി വിൽപ്പനയിൽ മുൻപന്തിയിൽ, എംഡിഎംഎ കേസുകളിൽ വര്‍ദ്ധന, സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ലഹരിക്ക് അടിമകൾ

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ കണ്ണൂരിൽ ലഹരി സംഘങ്ങൾ പിടിമുറുക്കുന്നു. കണ്ണൂരിൽ ലഹരി കേസുകൾ കുത്തനെ കൂടുന്നതായാണ് പുറത്തു വരുന്ന വിവരം. ജില്ലയിലെ സ്‌കൂള്‍ കുട്ടികൾക്കിടയിൽ പോലും ലഹരി ഉപയോഗം വ്യാപകമാണ്. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്നും മയക്കു മരുന്നുമായി ആറംഗ ഡിജെ സംഘത്തെ പിടിക്കൂടിയിരുന്നു.

എക്സൈസും പോലീസും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഇത്രയുമധികം ലഹരി ഒഴുക്ക് ജില്ലയിലേക്ക് നടക്കുന്നത്. ഈ കൊല്ലം ഇതുവെര 65 കിലോയാണ് എക്സൈസ് പിടിച്ചെടുത്തത് . കണക്കു പ്രകാരം ജൂണ്‍ മാസം വരെ 217 ഗ്രാം എംഡിഎംഎയും 254 ഗ്രാം മെത്താഫെറ്റമിനും 155 സ്പാസ്മോ പ്രോക്സിയോന്‍ ഗുളികകളും പിടിച്ചെടുത്തു.

പോലീസ് പിടികൂടിയതിന്റെ കണക്ക് വേറെ. അതുകൂടി ചേർത്താൽ കണക്ക് ഇരട്ടിയാകും. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണക്ക് പ്രകാരം സംസ്ഥാനത്ത് 2334 മയക്കുമരുന്ന് ഇടപാടുകാരാണ് ഉള്ളത്. ഇതില്‍ 412 പേര്‍ കണ്ണൂരിലാണ്. 202 കേസുകളാണ് ജുലൈയിൽ മാത്രം സിറ്റി പൊലിസ് ജില്ലാ പരിധിയിൽ രജിസ്റ്റർ ചെയ്തത്.