ഞാനാണെങ്കില്‍ ആകെ വിയർത്തു കുളിച്ചു, നിന്നെക്കൊണ്ടൊന്നും പറ്റില്ലെടാ എന്ന് പറഞ്ഞ് ചീത്ത വിളിച്ചു: ദുല്‍ഖര്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘സെക്കന്‍ഡ്ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീനാഥും ദുല്‍ഖറും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച കുറുപ്പ്‌ 12 ന് റിലീസ് ചെയ്യും. സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അരങ്ങേറ്റ ചിത്രമായ ‘സെക്കന്‍ഡ്ഷോ’യുടെ ചിത്രീകരണ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമാണ് ദുല്‍ഖര്‍ തുറന്നു പറയുന്നത്. ഒരു സീന്‍ ശ്രീനാഥ് മനപൂര്‍വം തന്നെ കൊണ്ട് വീണ്ടും വീണ്ടും ചെയ്യിച്ചതിനെ കുറിച്ചാണ് ദുല്‍ഖര്‍ പറയുന്നത്. ഒരു കോളേജില്‍ വെച്ചും പിന്നീട് അന്‍വര്‍ റഷീദിന് ഒപ്പം പടം കാണാന്‍ തിയ്യേറ്റര്‍ പോയപ്പോളും ആളുകള്‍ വളരെ മോശമായി തന്നോട് പെരുമാറി എന്നാണു ദുല്‍ഖര്‍ പറയുന്നത്.

‘കോഴിക്കോട് ഭാഗത്താണ് ഷൂട്ട്. ഒരു ചായക്കടയിലോ മറ്റോ ഇരുന്നുള്ള സീന്‍. ഭയങ്കര ക്രൗഡുണ്ട്. ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്നതു കൊണ്ടാവാം ആളുകള്‍ കൂടിയിട്ടുണ്ട്. ഒരു ചെറിയ ടൗണ്‍ ആണ്. ഷൂട്ട് തുടങ്ങിയതോടെ വെറുതെ ആളുകള്‍ നമ്മളെ കളിയാക്കാനും വഴക്കുപറയാനുമൊക്കെ തുടങ്ങി. ഇന്നയാളുടെ മോനാണ്, നിന്നെക്കൊണ്ടൊന്നും പറ്റില്ലെടാ എന്നൊക്കെ പറഞ്ഞ് ചുമ്മാ വഴക്കുപറയുകയാണ്.

ശ്രീനാഥ് ഒരു 40 ടേക്ക് ആവുന്നതുവരെ കട്ട് പറയുന്നില്ല. വണ്‍സ് മോര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് ആണെങ്കില്‍ ഒന്നും മനസിലാകുന്നില്ല. ഞാന്‍ വിയര്‍ത്ത് കുളിച്ച്‌, ഇത് എന്നെ കൊണ്ട് പറ്റാത്ത പണിയായിരിക്കില്ല എന്നൊക്കെ കരുതി. എന്തായിരുന്നു ലാസ്റ്റ് ടേക്കിലെ പ്രശ്നമെന്ന് ഒടുവില്‍ ഞാന്‍ ശ്രീനാഥിനോട് ചോദിച്ചു. ഏയ് അതൊന്നും ഇല്ല, നിന്റെ ഈ പേടി മാറട്ടെ എന്ന് കരുതി ചെയ്തതാണെന്ന് പറഞ്ഞു’, ദുല്‍ഖര്‍ പറയുന്നു.