പോക്‌സോ കേസ് പ്രതിക്ക് വക്കീലായി മാത്യു കുഴല്‍നാടന്‍; ആയുധമാക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

കൊച്ചി:മൂവാറ്റുപുഴ: പോക്സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളം ജില്ലയിലെ പോത്താനിക്കോട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നു.

എന്നാലിപ്പോള്‍ പീഡനക്കേസിൽ പ്രതിക്കായി ഹാജരായ മാത്യു കുഴൽനാടനെതിരെ ഡവൈഎഫ്ഐ. എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ  മാത്യു കുഴൽനാടൻ പ്രതിഭാഗത്തിന് നിയമസഹായം നൽകിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ആരോപിച്ചു.

കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവച്ചതിനും രണ്ടാംപ്രതിയാക്കി ഇയാള്‍ക്കെതിരെ കേസെടുത്തത്. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

മാത്യു കുഴൽനാടൻ മുഖേന പോക്സോ കോടതിയിൽ ഇന്നലെ കിട്ടിയ പ്രതിയുടെ ജാമ്യാപേക്ഷ പക്ഷേ കോടതി തള്ളി. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ പ്രതിയെ കോടതിക്ക് മുൻപിൽ ഹാജരാക്കാൻ മാത്യു കുഴൽനാടൻ തയ്യാറാവണം. യൂത്ത് കോൺ​ഗ്രസിൻ്റെ ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതി ഇതുവരേയും കേസിൽ പൊലീസിന് മുൻപിലോ കോടതിയിലോ കീഴടങ്ങാൻ തയ്യാറായിട്ടില്ല. ഈ സംഭവത്തിൽ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും റഹീം അറിയിച്ചു.