ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ ബാങ്കിൽ എക്സാലോജികിന് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എൻ.സി ലാവലിൻ കമ്പനികളിൽ നിന്നും ഇതിലേക്ക് കോടികളെത്തിയെന്നും കഴിഞ്ഞ ദിവസം ഷോൺ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഭീഷണി മുഴക്കുന്നതിലേക്ക് ഡിവൈഎഫ്ഐയെ എത്തിച്ചത്.

ഷോൺ ജോർജിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഭീഷണി മുഴക്കിയത്. കേരളത്തെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പിണറായി വിജയൻ സർക്കാർ കാത്തു സൂക്ഷിക്കുന്നതെന്നും അങ്ങനെയുള്ള സർക്കാരിനെ കള്ളക്കഥകൾ പ്രചരിപ്പിച്ച് താഴെയിടുകയാണ് ഷോണിന്റെ ലക്ഷ്യമെന്നുമാണ് ഡിവൈഎഫ്ഐക്കാരുടെ വാദം.

സർക്കാരിനെതിരെ പറയുന്നത് കൈയും കെട്ടി തങ്ങൾക്ക് കണ്ടുനിൽക്കാൻ കഴിയില്ലെന്നും ഷോൺ ജോർജിനെ കൈകാര്യം ചെയ്യാൻ തങ്ങൾക്കറിയാമെന്നുമാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ഭീഷണി. ഷോണിനെ പരസ്യമായി ഇവർ അസഭ്യവും പറഞ്ഞു. പിണറായി സർക്കാർ വീഴാതിരിക്കാൻ ഏത് അറ്റം വരെയും ഡിവൈഎഫ്ഐ പോകുമെന്നും വെല്ലുവിളി മുഴക്കി.