ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വ്ലോഗ്ർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയിൽ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായത്. നേരത്തെ ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വിവാദമായിരുന്നു.