ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല; സർക്കാർ തീരുമാനം പുനഃപരിശോധിക്കണം; ഇ ശ്രീധരൻ

സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ ബുദ്ധിമുട്ടുകൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആർ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സർവേ നടപടികൾ നിർത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ നടത്തില്ലെന്ന് കല്ലിടൽ ഏറ്റെടുത്ത ഏജൻസി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമായതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു.

സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം.

കൂടാതെ സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.