എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് പരാമർശം.

ഇടവേള ബാബുവിന്‍റെ കുറിപ്പ്

Dear all, ഇണങ്ങിയും പിണങ്ങിയും ഒരുപാട് നല്ല നിമിഷങ്ങൾ നമ്മളിലൂടെ കടന്നുപോയിട്ടുണ്ട്. എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാം… എങ്കിലും ഒരായുസ്സിൻ്റെ പകുതിയും നിങ്ങളിലൊരാളായി നിങ്ങളുടെ കൂടെ നിൽക്കാൻ കഴിഞ്ഞു എന്നതുതന്നെ വലിയ സന്തോഷം. ഈ 25 വർഷക്കാലവും എന്നെ ചേർത്തുപിടിച്ചതിനും ചേർത്ത് നിർത്തിയതിനും… ചേർന്ന് നിന്നതിനും….. അവസാനം ‘അമ്മ’യുടെ ഔദ്യോഗിക സ്ഥാനത്തുനിന്ന് പടിയിറങ്ങും മുമ്പ് ചിലരെങ്കിലും ഒന്ന് നുള്ളിനോവിച്ചതിനും… നന്ദിമാത്രം.. ഇടവേള ബാബു…നന്ദി…

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു പറഞ്ഞിരുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിനു മുന്‍പായി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയപ്പോൾ പലരും തന്നെ ബലിയാടാക്കിയെന്നാണ് നടന്‍റെ ആരോപണം.

താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നു. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്.

അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാൻ കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്.- ഇടവേള ബാബു പറഞ്ഞു.