എണ്‍പത് വയസ്സുകാരിയോട് പോലീസിന്റെ ക്രൂരത, ആളുമാറി അറസ്റ്റ് ചെയ്തു, കോടതി കയറി ഇറങ്ങിയത് നാല് വര്‍ഷം

പാലക്കാട്. ആളുമാറി പോലീസ് അറസ്റ്റ് ചെയ്ത എന്‍പത് കാരി കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കയറി ഇറങ്ങിയത് നാല് വര്‍ഷം. വീട്ടില്‍ കയറി അതിക്രമം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിങ്ങള്‍ ഉദ്ദേശിക്കുന്ന വ്യക്തി താന്‍ അല്ലെന്ന് അറിയിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ ഗുരുതര മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്.

തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും പോലീസ് എന്തിനാണ് കേസ് എടുത്തതെന്ന് മനസ്സിലാകുന്നുല്ലെന്ന് ഇവര്‍ പറയുന്നു. പോലീസ് കൃത്യമായി കേസ് അന്വേഷിക്കാത്തതിനാലും വിവരങ്ങള്‍ ശേഖരിക്കാത്തതിനാലുമാണ് ഗുരുതരമായ വിഴ്ച സംഭവിച്ചത്. പരാതി കൊടുത്ത പ്രതിയെ തിരിച്ചറിയാന്‍ വേണ്ടി സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും പോലീസ് തയ്യാറായില്ല.

അതേസമയം കേസിലെ യഥാര്‍ത്ഥ പ്രതി മേല്‍വിലാസം മാറി നല്‍കിയതാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ കാരണം. 1998ലായിരുന്നു കേസിലേക്ക് നയിച്ച സംഭവം. കള്ളിക്കാട് സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഭാരതി എന്ന വ്യക്തി വീട്ടുകാരുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് അക്രമം നടത്തുകയായിരുന്നു. വീട്ടിലെ ചെടിച്ചട്ടി അടക്കം ഇവര്‍ നശിപ്പിച്ചു. തുടര്‍ന്ന് പോലീസ് പിടികൂടിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. പിന്നീട് ഇവര്‍ ഒളിവില്‍ പോയി. തുടര്‍ന്ന് 2020ല്‍ മറ്റൊരു ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.