ശിവസേന തർക്കത്തിൽ ഉദ്ധവിന് തിരിച്ചടി, ഷിൻഡെ പക്ഷ എംഎൽഎമാരെ അയോ​ഗ്യരാക്കാനാകില്ലെന്ന് സ്പീക്കർ

മുംബൈ: ഉദ്ധവ് താക്കറെ വിഭാ​ഗത്തിന് വൻ തിരിച്ചടി. യഥാർത്ഥ ശിവസേന ഷിൻഡെ വിഭാ​ഗമാണെന്ന് മഹാരാഷ്‌ട്ര സ്പീക്കർ രാഹുൽ നർവേക്കർ. ‌ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസാധുതയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ വിധിച്ചു. ശിവസേന വിമതരുടെ 34 അയോഗ്യതാ ഹര്‍ജികളിലാണ് സ്പീക്കര്‍ വിധി പറഞ്ഞത്. ഈ ഹര്‍ജികളെ ആറ് ഭാഗങ്ങളായി വിഭജിച്ചാണ് സ്പീക്കര്‍ തീരുമാനമെടുത്തത്.

അന്തിമ തീരുമാനത്തിനായി സ്പീക്കറെ ചുമതലപ്പെട്ടുത്തിയതായി സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ നർവേക്കർ തീരുമാനം സ്വീകരിച്ചത്. ഭേദഗതി വരുത്തിയ 2018 ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ ഇല്ലാത്തതിനാല്‍ ശിവസേനയുടെ 1999 ഭരണഘടന പരിഗണിക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.

1999-ലെ ശിവസേനയുടെ ഭരണഘടന പാര്‍ട്ടി മേധാവിയുടെ കൈകളില്‍ നിന്ന് അധികാര കേന്ദ്രീകരണം നീക്കം ചെയ്തിരുന്നു. എന്നാല്‍ അധികാരം പാര്‍ട്ടി മേധാവിയുടെ കൈകളിലേക്ക് തിരികെ നല്‍കിയായിരുന്നു 2018-ല്‍ ഭേദഗതി വരുത്തിയ ഭരണഘടന. 2024 ന്റെ രണ്ടാം പകുതിയില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്പീക്കറുടെ സുപ്രധാന തീരുമാനം.

ശിവസേനയിലെ പിളർപ്പിന് ശേഷം ഇരുവിഭാ​ഗങ്ങളും പരസ്പരം എംഎൽഎമാരെയും എംപിമാരെയും അയോ​ഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലാണ് ഇന്ന് അന്തിമതീരുമാനം വന്നിരിക്കുന്നത്.