എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസ് എൻഐഎയ്ക്ക് കൈമാറി ഡിജിപിയുടെ ഉത്തരവ്

കോഴിക്കോട് . എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസ് എൻഐഎയ്ക്ക് കൈമാറി ഡിജിപിയുടെ ഉത്തരവ്. കേസ് ഫയലുകൾ എൻ ഐ എക്ക് കൈമാറാൻ പൊലീസിനു ഡി ജി പിയുടെ നിർദേശം. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.

കേസിൽ നേരത്തെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയിരുന്നു. സംഭവത്തിന് സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ല – റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് നൽകിയിരുന്നത്.

കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കുറ്റകൃത്യം നടത്തിയിട്ടുള്ള ഷാറുഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാൾക്കുമേലുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണം നടത്തിയിട്ടുള്ളത് എന്ന പൊലീസിന്റെ നിഗമനം കൂടി കണക്കിലെടുത്താണ് വിപുലമായ അന്വേഷണം നടത്താൻ എൻഐഎ തീരുമാനിച്ചിട്ടുള്ളത്.