ദേശീയപാതയില്‍ ആനയിടഞ്ഞു ; ലോറി കുത്തിമറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ കൊമ്പന്റെ കൊമ്പൊടിഞ്ഞു

തൃശ്ശൂര്‍ : തൃശ്ശൂരിൽ ദേശീയപാതയിൽ ആനയിടഞ്ഞു. ലോറി കുത്തിമറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. തൃശ്ശൂര്‍ മുടിക്കോട് ദേശീയപാതയില്‍ ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ദേശീയപാതയിലൂടെ നടത്തിക്കൊണ്ട് പോകുകയായിരുന്ന ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്.

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. പട്ടിക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു ആന. സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കുത്തി മറിച്ചിടാനുള്ള ശ്രമവും ഇതിനിടെ ആന നടത്തി.

കൃത്യസമയത്ത് ലോറി ഡ്രൈവര്‍ സ്ഥലത്തെത്തി ലോറി അവിടെ നിന്ന് മാറ്റിയതിനാൽ നഷ്ടം ഒഴിവായി. എന്നാൽ ലോറി കുത്തി മറിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പോടിഞ്ഞു. തുടർന്ന് വാഴത്തോട്ടത്തിലേക്ക് കയറിയ ആന നിരവധി വാഴകള്‍ നശിപ്പിച്ചു.

ഇടഞ്ഞ ആന ഒന്നാം പാപ്പനെ അക്രമിക്കാനും വൈദ്യുത പോസ്റ്റ് മറിച്ചിടാനും ശ്രമിച്ചു. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനയെ തളക്കാനായത്.