പടക്കം കഴിച്ച് നാവു തകർന്നിട്ടും അവൾ കുറുമ്പ് കാട്ടിയില്ല,ലോകത്തിലെ ഏറ്റവും വൃത്തികെട്ട പദവും മനുഷ്യന്‍ തന്നെ

പൈനാപ്പിളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് എത്തുന്നുണ്ട്. നടന്‍ രാജേഷ് വര്‍മയും പ്രതികരണവുമായി രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കും വൃത്തിക്കെട്ട വാക്കും മനുഷ്യന്‍ എന്നതാണെന്ന് രാജേഷ് ശര്‍മ ഫേസ്ബുക്കില്‍ കുറിച്ചു.

രാജേഷ് ശര്‍മയുടെ കുറിപ്പ് ഇങ്ങനെ;

‘ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യനാണ്, ഏറ്റവും വൃത്തികെട്ട പദവും മനുഷ്യന്‍ എന്നു തന്നെ. മലപ്പുറത്ത് ആനക്ക് മനുഷ്യര്‍ പൈനാപ്പിള്‍ പടക്കം കൊടുത്ത് കൊന്നു.’

മെയ് 27നാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് സ്‌ഫോടനം ഉണ്ടായി നാക്കും വായയും മറ്റും തകര്‍ന്നായിരുന്നു ആന ചെരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ആന ദിവസങ്ങളായി ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് അലഞ്ഞ ശേഷമായിരുന്നു ചരിഞ്ഞത്.  ആനയുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണന്‍ ഒരു ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പ് ഇങ്ങനെ;

മാപ്പ്… സഹോദരീ .. മാപ്പ് … അവള്‍ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവള്‍ അതിസുന്ദരിയും സല്‍സ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തില്‍ തന്നെ അവിടത്തെ ആണാനകളുടെ സ്‌നേഹ പരിലാളനകള്‍ക്ക് അവള്‍ പാത്രമായത് .തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂര്‍ണ്ണതയിലെ മാറ്റങ്ങളും അവള്‍ക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകള്‍ നല്‍കിയിരിക്കണം. അതാണ് അവള്‍ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാര്‍ത്ഥനായ മനുഷ്യന്‍ എന്തിനും തയ്യാറായി നില്‍ക്കുന്നത് അവള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാല്‍ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവള്‍ കരുതി കാണും. അവള്‍ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തില്‍ പൊട്ടിതെറിച്ചപ്പോള്‍ അവള്‍ ഞെട്ടിയത് തന്നേ കുറിച്ചോര്‍ത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങള്‍ക്കു ശേഷമുണ്ടാകാന്‍ പോകുന്ന പുതു പിറവിയെ കുറിച്ചോര്‍ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തില്‍ വായും നാവും തകര്‍ന്ന അവള്‍ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവള്‍ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവള്‍ തകര്‍ത്തില്ല. അതാ തുടക്കത്തില്‍ അവള്‍ നന്മയുള്ളവളാണ് എന്ന് ഞാന്‍ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.

ഞാന്‍ അവളെ കാണുമ്പോള്‍ അവള്‍ വെള്ളിയാര്‍ പുഴയില്‍ മുഖവും തുമ്പിയും താഴ്ത്തി നില്‍ക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി … മുഖത്തെ മുറിവില്‍ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവള്‍ വെള്ളത്തില്‍ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികില്‍സ നല്‍കേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാന്‍ പദ്ധതി തയ്യാറായി.

പുഴയില്‍ നിന്ന് അവളെ ആനയിക്കാന്‍ കുങ്കികള്‍ എന്നറിയപ്പെടുന്ന അവളുടെ വര്‍ഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് പുഴയില്‍ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരന്‍ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷെ അവള്‍ക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയില്‍ നിന്ന നില്‍പില്‍ അവള്‍ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികള്‍ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാന്‍ ആലോചിച്ചു. അവരതാ കണ്ണീര്‍ വാര്‍ക്കുന്നു.കണ്ണീര്‍ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാര്‍ത്ഥതക്ക് മുമ്പില്‍ പുഴയുടെ പ്രതിഷേധം. ഇനി അവള്‍ക്ക് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കണം. അതിനായി അവളെ ലോറിയില്‍ കയറ്റി വനത്തിനുള്ളില്‍ എത്തിച്ചു. ബാല്യ കൗമാരങ്ങളില്‍ ഓടികളിച്ച മണ്ണില്‍ വിറങ്ങലിച്ച് അവള്‍ കിടന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവള്‍ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്‌ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി. ഞാന്‍ നിര്‍ത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങള്‍ സംസ്‌കരിച്ചു. അഗ്‌നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാന്‍ മനസ്സാ നമിച്ചു. സൂക്ഷ്മാണുവായ കൊറോണയുടെ മുമ്പില്‍ പോലും പകച്ചു നില്‍ക്കേണ്ടി വരുന്ന മനുഷ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവര്‍ക്കുമായി അവളോട് പറയാനുള്ളൂ …. സഹോദരീ ….. മാപ്പ്.