കൂടുതൽ ആളെത്തി, വീണ്ടും വീണ്ടും തകരാറിലായി ഇപോസ് സംവിധാനം

തിരുവനന്തപുരം : രണ്ടാം ശനിയാഴ്ച കുറച്ചധികം പേർ റേഷൻ വാങ്ങാൻ എത്തിയതോടെ ഇപോസ് സംവിധാനം വീണ്ടും തകരാറിലായി. ഒടുവിൽ ഒടിപിയിലൂടെ റേഷൻ നൽകുകയായിരുന്നു. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 1.89 ലക്ഷം കാർഡ് ഉടമകൾക്ക് റേഷൻ ലഭിച്ചത് ഒടിപിയിലൂടെയാണെന്നാണ് കണക്ക്. രണ്ടാം ശനിയാഴ്ച പൊതു അവധിയായതിനാൽ മുൻഗണനേതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകളാണ് കൂടുതലും എത്തിയത്.

ഇതോടെ ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കി. രണ്ട് മണിക്കൂറോളമാണ് റേഷൻ വിതരണം മുടങ്ങിയത്. ശനിയാഴ്ച 2.59 ലക്ഷം ആളുകൾ റേഷൻ വാങ്ങിയപ്പോൾ ഇതിൽ 73,257 പേർക്കും ആശ്രയമായത് ഒടിപിയാണ്. ഇപോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചെങ്കിലും ബയോ മെട്രിക് സംവിധാനം പ്രവർത്തിച്ചിരുന്നില്ല.

ഈ മാസം ഇതുവരെ 17.82 ലക്ഷം ആളുകളാണ് റേഷൻ വാങ്ങിയിരിക്കുന്നത്. ഇതിൽ അധികവും കഴിഞ്ഞ ശനിയാഴ്ചയാണ് റേഷൻ വാങ്ങിയിരിക്കുന്നത്.