എറണാകുളം സെക്‌സ് റാക്കറ്റ് കേസ്; മുഖ്യപ്രതി സനീഷിന് സഹായം നല്‍കുന്നത് അഭിഭാഷക, കൂടുതല്‍ തെളിവുകള്‍ പുറത്ത്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ എറണാകുളം സെക്‌സ് റാക്കറ്റിന്റെ വലയില്‍ പെടുത്തുന്നതില്‍ തിരുവനന്തപുരത്തെ അഭിഭാഷകയുടെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അഭിഭാഷക യുവതികളെ വിളിച്ച് സംസാരിക്കുന്നതിന്റേയും ജോലി വാഗ്ദാനം ചെയ്യുന്നതിന്റേയും ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

യുവതികള്‍ക്ക് വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വന്‍ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്. 14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. ഇന്നലെ സനീഷ് പിടിയിലായിരുന്നു. തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അഭിഭാഷക ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയാണ്. റെയില്‍വേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാല്‍ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികള്‍ പറയുന്നു. വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവര്‍ ഏറെയാണ്.

തിരുവനന്തപുരം സ്വദേശിയായ യുവതിയോട് പണം നല്‍കാന്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സനീഷിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് അഭിഭാഷകയെന്ന് കബളിപ്പിക്കപ്പെട്ട മറ്റൊരു യുവതി വെളിപ്പെടുത്തി. മയക്കു മരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. 24 ചാനലിനോടാണ് യുവതി സംസാരിച്ചത്.