മരിക്കേണ്ട പ്രായത്തിലല്ല അവര്‍ പോയത്, എല്ലായിടത്തും ക്രിസ്തുമസ് ആഘോഷം എന്റെ വീട്ടില്‍ മാത്രം സന്തോഷത്തിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നു, ഇവ പറയുന്നു

നാടുമുഴുവന്‍ ക്രിസ്തുമസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ ആ ദിവസം വേദനകള്‍ അലയടിച്ച് നില്‍ക്കുന്ന തന്റെ വീട്ടിലെ അവസ്ഥയെ കുറിച്ച് പറയുകയാണ് ഇവ ശങ്കര്‍. അച്ഛന്റെയും ചേച്ചിയുടെയും മരണം ഏല്‍പ്പിച്ച വലിയ ദുഖത്തിന്റെ ആഘാതത്തിന് നടുവില്‍ നിന്നാണ് ഇവ തന്റെയും കുടുംബത്തിന്റെയും അവസ്ഥ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

‘ചില നഷ്ടങ്ങള്‍ അങ്ങനെയാണ് കാലങ്ങളോളം നിലനില്‍ക്കും, മരിക്കുന്ന വരെ ചങ്ക് തകരുന്ന വേദനയോടെ മാത്രമേ അവരെ ഓര്‍ക്കാന്‍ കഴിയു.. എന്റെ അച്ചയും ചേച്ചിയും പോയശേഷം ഞാന്‍ സന്തോഷിച്ചിട്ടില്ല, ജീവിതത്തില്‍ നിന്നും എന്തോ നഷ്ടപെട്ടപോലെയാ.. കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ സാമിപ്യം എപ്പോഴും എനിക്കു അനുഭവപ്പെടാറുണ്ട് മുന്‍പ് കൂടെ ഉണ്ടായിരുന്നതുപോലെ..അതൊരു ആശ്വാസമാണ്, സ്‌നേഹമാണ് കരുതലാണ്.’- ഇവ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം, ആഘോഷങ്ങള്‍ക്കു ഒട്ടും മങ്ങല്‍ ഏല്‍ക്കാതെ ഇതാ ക്രിസ്തുമസ് വീണ്ടും വന്നെത്തി. പള്ളികളിലും വീടുകളിലും തെരുവോരങ്ങളിലും നക്ഷത്ര കണ്ണുകള്‍ ചിമ്മുന്നു പക്ഷേ എന്തോ എന്റെ വീട്ടില്‍ മാത്രം ഇപ്പോഴും സന്തോഷങ്ങളുടെ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു. ചേച്ചിയെയും അച്ചയെയും മരണം കൂട്ടികൊണ്ട് പോയ ശേഷം, ആഘോഷങ്ങള്‍ ഉണ്ടായിട്ടില്ല. 2 ദിവസം മുന്‍പ് എനിക്ക് തോന്നി കോവിഡ് ബാധിച്ചവരുടെ വീട്ടിലേക്കു ഒന്ന് പോയാലോ എന്ന്?

കഴിഞ്ഞ ദിവസം അച്ചയുടെ ഡയറിയില്‍ കുറച്ചു രൂപ ഉണ്ടായിരുന്നു, അതുകൊണ്ട് കോവിഡ് വന്നു മരിച്ചവരുടെ വീട്ടിലേക്കു എന്തേലും സഹായം ചെയ്യണമെന്ന് തോന്നി, പിന്നെ അവിടുത്തെ അവരുടെ അവസ്ഥയും അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു, കുറച്ചു നേരം, പിന്നെ അവരുടെ കൂടെ ഇരിക്കണം സംസാരിക്കണം.. അങ്ങനെ എന്തൊക്കെയോ ആ ഭാഗ്യ ദിവസം വന്നെത്തി. ഇന്ന് കുറെ കുറച്ചു വീടുകള്‍ തേടിപിടിച്ചു അവരുടെ അടുത്ത് പോയി കുറച്ചു ക്രിസ്മസ് ഗിഫ്റ്റും കേക്കും നല്‍കി. എന്നെ കണ്ടപ്പോള്‍ ആദ്യം അവര്‍ അമ്പരന്നു എങ്കിലും പിന്നെ സ്‌നേഹത്തോടെ എന്നെ ക്ഷണിച്ചു…

ചിരിക്കുന്നെങ്കിലും പലരുടെയും മുഖത്ത് ഒരു നിസ്സംഗത ആയിരുന്നു.. ആരോ കൈവിട്ടു കളഞ്ഞപോലെ, ആരോ ഉപേക്ഷിച്ചപോലെ ഇപ്പോഴും ഉണ്ട് ആഴങ്ങളെ ഓര്‍മ്മിക്കുന്ന നിശ്ചലത ആ വീടുകളില്‍. ആ കെട്ടകാലത്തിന്റെ ഓര്‍മ്മയില്‍ പലരും വിങ്ങി.. അവര്‍ ആ നനഞ്ഞ ദിവസത്തെ എന്റെ മുന്നിലേക്ക് കുടഞ്ഞെറിഞ്ഞു. മരിക്കേണ്ട പ്രായത്തില്‍ അല്ല അവര്‍ പോയത്, പോകാന്‍ ഒട്ടും ആഗ്രഹമില്ലാത്ത സമയത്താ കോവിഡ് അവരുടെ ജീവന്‍.. കവര്‍ന്നു കളഞ്ഞത്.. അവരുടെ സ്വപ്നങ്ങളുടെ വെളിച്ചം കെട്ടു, ഇപ്പോള്‍ ജീവിതം വികാരരഹിതമായ ഒരു വസ്തു മാത്രം. മറ്റൊരു വീട്ടില്‍ പോയപ്പോള്‍, വീടിന്റെ മുന്നിലേക്ക് ഒരു അമ്മ വിരല്‍ ചൂണ്ടി.. ദേ കണ്ടോ എവിടെയാ എന്റെ മോന്‍ ഉറങ്ങുന്നേ ഒരുപാടു ചിറകടിച്ചു പറക്കാനുള്ളവനാണ് ആ ആറടി മണ്ണില്‍ അന്തി ഉറങ്ങുന്നത്, എന്നാണ് ഇനി അവനെ കാണാന്‍ കഴിയുക എന്നറിയില്ല. എന്തോ അവരുടെ നില്‍പ്പും അവരുടെ തകര്‍ന്ന സംസാരവും എന്റെ നെഞ്ച് കലങ്ങുന്ന വേദനയുണ്ടാക്കി.ചിലര്‍ അങ്ങനെയാ ഹൃദയം കൊണ്ടു സംസാരിക്കുമ്പോള്‍ നമ്മള്‍ തളര്‍ ന്നു പോകും അങ്ങനെ എത്ര എത്ര കുഴിമാടങ്ങള്‍..

അവരുടെ ഓരോ വക്കില്‍ നിന്നുംഞാന്‍ തിരിച്ചറിയുകയായിരുന്നു കോവിഡ് ബാധിച്ചു മരിച്ച അവരുടെ പ്രിയപെട്ടവരുടെ സ്‌നേഹത്തിന്റെ വില, അവരുടെ ഹൃദയത്തിന്റെ ഭംഗി, ചിലര്‍ കരഞ്ഞു മൗനമായി.. ചിലര്‍ ഏങ്ങിയും വിങ്ങിയും നെഞ്ചിലടിച്ചും കരഞ്ഞു, മറ്റു ചിലര്‍ എല്ലാം ഉള്ളിലൊതുക്കി ചിലര്‍ ഒരിക്കലും കരഞ്ഞിട്ടില്ലാത്തപോലെ പോലെ കരഞ്ഞു എനിക്ക് അത്ഭുതം തോന്നി.. മരണ ങ്ങള്‍ മനുഷ്യനെ വല്ലാതെ മാറ്റിക്കളയുന്നല്ലോന്ന്…? എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും എനിക്ക് കിട്ടിയ സാന്ദ്വനം ഞാന്‍ മറ്റുള്ളര്‍ക്കു നല്‍കാന്‍ ബാധ്യസ്ഥനാണല്ലോ, ഞാന്‍ വാക്കുകളാല്‍ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. ഈ വേദന ഞാനും അനുഭവിച്ചവള്‍ അല്ലെ അതിന്റെ ആഴം നന്നായി അറിയാം.

ഈ ഹൃദയം നുറുങ്ങുന്ന വേദന ജീവിച്ചിരിക്കുന്നവരുടെ ആത്മഹത്യ ആണ് .. മരിക്കില്ല, എരിഞ്ഞു കൊണ്ടിരിക്കും.. ചില നഷ്ടങ്ങള്‍ അങ്ങനെയാണ് കാലങ്ങളോളം നിലനില്‍ക്കും, മരിക്കുന്ന വരെ ചങ്ക് തകരുന്ന വേദനയോടെ മാത്രമേ അവരെ ഓര്‍ക്കാന്‍ കഴിയു.. എന്റെ അച്ചയും ചേച്ചിയും പോയശേഷം ഞാന്‍ സന്തോഷിച്ചിട്ടില്ല, ജീവിതത്തില്‍ നിന്നും എന്തോ നഷ്ടപെട്ടപോലെയാ.. കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ സാമിപ്യം എപ്പോഴും എനിക്കു അനുഭവപ്പെടാറുണ്ട് മുന്‍പ് കൂടെ ഉണ്ടായിരുന്നതുപോലെ..അതൊരു ആശ്വാസമാണ്, സ്‌നേഹമാണ് കരുതലാണ്…