മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ പുറത്താക്കി സിപിഎം; പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടക്കം ഒരു വർഷത്തേക്ക് വിലക്ക്

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടക്കം ഒരു വർഷത്തേക്ക് പുറത്താക്കി സിപിഎം. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റിന് നൽകിയത്.

എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. മുൻ സിപിഎം എംഎൽഎ സിപിഐയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.

ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവ‍ർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്നും പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറ‌ഞ്ഞു. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോലും എസ് രാജേന്ദ്രൻ തയ്യാറായിരുന്നില്ല.

തന്നെ അപമാനിച്ച് പുറത്താക്കാൻ ചില നേതാക്കൾ ശ്രമിച്ചെന്നാണ് കോടിയേരി ബാലകൃഷ്ണന് അയച്ച കത്തിൽ എസ് രാജേന്ദ്രൻ ആരോപിക്കുന്നത്. തിരുവനന്തപുരത്ത് വച്ച് എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി തന്നെ വളരെ മോശം ഭാഷയിൽ അപമാനിച്ചുവെന്നും കുടുംബത്തെ നോക്കി വീട്ടിൽ ഇരുന്നോണമെന്ന് എം എം മണി പരസ്യമായി പറഞ്ഞുവെന്നും കത്തിൽ പറയുന്നു. സമ്മേളനങ്ങളിലും അവഹേളനം തുടരുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാറിനിന്നതെന്ന് എസ് രാജേന്ദ്രൻ പറയുന്നു. പാര്‍ട്ടിയിൽ സാധാരണ അംഗമായി തുടരാൻ അനുവദിക്കണമെന്നും എസ് രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷ അംഗീകരിക്കാതെയാണ് എസ് രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്ക് പുറത്താക്കിയിരിക്കുന്നത്.