ബസിൽ വച്ച് യുവതിനേരെ ലൈംഗിക അതിക്രമം കാട്ടിയ മുൻ ജില്ലാ ജഡ്ജിക്ക് ഉപാധികൾ ഇല്ലാതെ ജാമ്യം 

തിരുവനന്തപുരം . ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ മുൻ ജില്ലാ ജഡ്ജിക്ക് ഉപാധികൾ ഇല്ലാതെ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി –5 ആണ് കിളിമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തിൽ റിട്ട. ജില്ലാ ജഡ്ജി ആർ.രാമബാബുവിന് (61) ഉപാധികൾ ഒന്നും കൂടാതെ ജാമ്യം അനുവദിച്ചത്.

ഏപ്രിൽ 20നാണ് സംഭവം നടക്കുന്നത്. അന്നു തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ബസില്‍ കളിമാനൂരില്‍നിന്ന് കയറിയ പ്രതി, സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയാണ് ഉണ്ടായത്.

കേശവദാസപുരത്ത് ബസ് എത്തുമ്പോൾ ഉപദ്രവം സഹിക്കവയ്യാതെ യുവതി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ഇടപെട്ടു മണ്ണന്തല പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്.