കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ ഡ്രൈവിങ് ടെസ്റ്റില്ലാതെ പുതുക്കി, നാല് എംവിഐമാരെ സസ്‌പെൻഡ് ചെയ്തു

കോട്ടയം. കാലാവധി പൂര്‍ത്തിയാക്കിയ ഡ്രൈവിങ് ലൈസന്‍സുകള്‍ വാഹനം ഓടിച്ചുള്ള പരിശോധന നടത്താതെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പുതുക്കി നല്‍കിയതായി കണ്ടെത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

3345 ലൈസന്‍സുകളാണ് ഇത്തരത്തില്‍ അനധികൃതമായി നല്‍കിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയത് പുനലൂര്‍, ഗുരുവായൂര്‍, തിരൂരങ്ങാടി, കൊടുവള്ളി സബ് ആര്‍ടി ഓഫീസുകളിലാണ്. സംഭവത്തില്‍ നാല് എംവിഐമാരെ സസ്‌പെന്‍ഡ് ചെയ്തു. ലൈസന്‍സ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിച്ചാല്‍ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ പുതുക്കിക്കിട്ടും.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ ടെസ്റ്റിന് ഹാജരാകണം എന്നാണ് വ്യവസ്ഥ. ഇതിന് നിയമ വിരുദ്ധമായി എംവിഐ നേരിട്ട് അപേക്ഷ സ്വീകരിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. ഇതിന് 5000 മുതല്‍ 10000 വരെ വാങ്ങിയതായും കണ്ടെത്തി.