‘കുട്ടിക്കാലത്തെ സാഹസികതകള്‍ പറഞ്ഞ മഡോണയെ ട്രോളിയവര്‍ക്കുള്ള മറുപടി ഇതാ’

നടി മഡോണ സെബാസ്റ്റിയന്‍ ഒരു അഭിമുഖത്തില്‍ തന്റെ ബാല്യകാല സാഹസികള്‍ പങ്കുവെച്ചത് വലിയ ട്രോളുകള്‍ക്ക് കാരണം ആയിരുന്നു. ഒരു വര്‍ഷം മുമ്പ് താരം നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് എടുത്ത് കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ വലിയ ട്രോള്‍ ആക്രമണം നടിക്കെതിരെ ഉണ്ടായത്. ഏവരും മഡോണയെ പരിഹസിക്കുമ്പോള്‍ ശാസ്ത്ര ചിന്തകന്‍ ബൈജു രാജന്റെ വീക്ഷണം ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

‘ഒരു വയസ്സുള്ള എന്നെ ഡാഡി ഗ്രൗണ്ടില്‍ക്കൂടെ ഓടിക്കുന്നത് എനിക്കോര്‍മയുണ്ട്. എനിക്ക് ഡാഡീടത്ര ഓടി എത്താന്‍ പറ്റുന്നില്ല. ഒന്നര വയസ്സായപ്പോള്‍ റിവറിലിട്ട് നീന്താനായിട്ട് പഠിപ്പിച്ചു. 2 വയസ്സായപ്പോള്‍ എനിക്ക് നന്നയി നീന്താന്‍ അറിയാം. മൂവാറ്റു പുഴ ആറിന് മുകളീന്ന് ആറിലേക്കു ഡൈവ് ചെയ്യുമായിരുന്നു ‘ ഞാന്‍: സുലു.. ആരാ TV യില്‍ സംസാരിക്കുന്നത് ? സുലു: ഏതോ ഒരു നടി.. അവരുടെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നതാ ചേട്ടാ. ചിരിച്ചു ചിരിച്ചു എന്റെ വയറു വേദനിക്കുന്നു ?? ഞാന്‍: എന്താ കാര്യം ? സുലു: ഒരു വയസ്സില്‍ അവര്‍ ഡാഡീടെകൂടെ ഓടി പോലും, ചേട്ടാ.. ഒന്നര രണ്ട് വയസിലുള്ള കാര്യമൊക്കെ ചേട്ടന് ഓര്‍മയുണ്ടോ ?.എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല..’

‘..ഞാന്‍: ഓര്‍മ കാണുമോ എന്ന് ചോദിച്ചാല്‍.. എനിക്ക് ഏറ്റവും പഴയ കാര്യങ്ങള്‍ ഓര്‍മ ഉള്ളത് രണ്ട് വയസുള്ളപ്പോള്‍ എനിക്ക് അമ്മാവന്‍ തന്ന പ്ലാസ്റ്റിക് ബോളാണ്. അത് തുറന്നാല്‍ അതില്‍ ജെംസ് പോലുള്ള മീട്ടായിയും. പിന്നെ ഓര്‍മയുള്ളതു ഞങ്ങളുടെ പുതിയ വീട് പണി പകുതി ആയ സമയത്തു അമ്മയുടെ കൈ പിടിച്ചു നോക്കി നില്‍ക്കുന്നത്. അതും മിക്കവാറും രണ്ട് രണ്ടര വയസ്സിനു മുന്‍പേ ആണ്. നിനക്കോ സുലു.. ? സുലു: എനിക്ക് സ്‌കൂളില്‍ പഠിക്കുമ്‌ബോള്‍ എളേച്ഛന്‍ ഗള്‍ഫീന് കൊണ്ടുവന്നു തന്ന ഉടുപ്പ് ഓര്‍മയുണ്ട്. ഞാന്‍: ഏതു ക്ലാസില്‍ പഠിക്കുമ്‌ബോള്‍ ? സുലു: നേഴ്‌സറില്‍ ആണെന്ന് തോന്നുന്നു. ഞാന്‍: അതിനു മുന്‍പുള്ള കാര്യങ്ങള്‍.? സുലു: ഉം..ഹും.ഓര്‍മ ഇല്ല.’

‘.ഞാന്‍: നീ പോയി ബ്രെക്ക്ഫാസ്റ്റ് റെഡി ആക്ക്. ഞാന്‍ ഫ്രെണ്ട്‌സിനോട് കുറച്ചു കത്തി വെക്കട്ടെ.. സുലു: ചേട്ടാ.. ഞാന്‍: എന്താ.. ന്നു.. സുലു: ആ.. നടി പറഞ്ഞത് ശരിയാവാന്‍ ചാന്‍സ് ഉണ്ടോ ? ഞാന്‍: നമ്മള്‍ വലുതായിക്കഴിഞ്ഞാല്‍ നമുക്ക് 2 3 വയസു വരെയുള്ള കാര്യങ്ങളൊന്നും സാധാരണ ഓര്‍മ കാണില്ല. കുട്ടികള്‍ കാര്യങ്ങള്‍ വേഗം മറന്നുപോകും. അതുകൊണ്ടാണ് മറക്കാതിരിക്കാനുള്ള കാര്യങ്ങളായ ഗുണനപ്പട്ടികയൊക്കെ പലവുരു ആവര്‍ത്തിപ്പിച്ചു ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിപ്പിക്കുന്നതു. പലവുരു ചെയ്യുമ്‌ബോള്‍ നമ്മുടെ തലച്ചോറിലെ ആ മെമ്മറി സൂക്ഷിക്കുന്ന ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢം ആവും. പിന്നെ മറക്കില്ല. ബൈഹാര്‍ട്ട് ആയി എന്ന് നമ്മള്‍ പറയില്ലേ.. അത്..’

‘.സുലു: അപ്പോള്‍ ചേട്ടന്‍ രണ്ട് വയസുള്ളപ്പോള്‍ ബോളിന്റെ കാര്യം ഓര്‍ക്കുന്നത് ഗുണനപ്പട്ടിക പോലെ ഉരുവിട്ട് പഠിച്ചിട്ടാണോ ? ഞാന്‍: നമ്മള്‍ മുതിര്‍ന്നതായാലും, കുട്ടി ആയാലും ചില കാര്യങ്ങള്‍ കൂടുതല്‍ ദൃഡമായി ഓര്‍ത്തിരിക്കും. ചിലവ മാത്രം. അത് നമ്മളെ കൂടുതല്‍ വിഷമിപ്പിച്ചതോ, ആവേശം കൊള്ളിച്ചതോ ആയ കാര്യങ്ങള്‍ ആയിരിക്കും. നിന്റെ കാര്യംതന്നെ നോക്കിക്കേ.. ഗള്‍ഫിലെ പുത്തന്‍ ഉടുപ്പ് കിട്ടിയത് ഇപ്പോഴും ഓര്‍ക്കുന്നില്ലേ.. പക്ഷെ വീട്ടില്‍ അച്ഛന്‍ സ്ഥിരം വാങ്ങിത്തരുന്ന ഉടുപ്പ് ഓര്‍മയില്ല. അതുപോലെ :).’

‘.സുലു: ങ്ങും. അപ്പോള്‍ അതാണ് കാര്യം..ല്ലേ.. ഞാന്‍: അത് മാത്രം അല്ല കാര്യം. സുലു: പിന്നെ.. ഞാന്‍: ആ സിനിമാ താരത്തിന് എത്ര വയസുണ്ട് ? സുലു: ഒരു പത്തിരുപത്തഞ്ചു കാണും. ഞാന്‍: ഇരുപത്തഞ്ചു വയസുള്ള ഒരാള്‍ തന്റെ ഒരു വയസ്സിലെ കാര്യങ്ങള്‍ സാധാരണ ഓര്‍ത്തിരിക്കില്ല. ഒരു വയസുള്ള കുട്ടിക്ക് തന്നെ ആവേശം കൊള്ളിച്ച കാര്യങ്ങള്‍ കൂടിവന്നാല്‍ ഒരു വര്‍ഷം കൂടെ ഓര്‍ത്തിരിക്കാം. പിന്നെ മറന്നുപോകും. ആ പ്രായത്തില്‍ അതില്‍ കൂടുതല്‍ സ്‌ട്രോങ്ങ് ആയ മെമ്മറി ഉണ്ടാവില്ല. സുലു: അപ്പോള്‍ അവര്‍ അത് ഓര്‍ത്തിരിക്കുന്നതോ ?ഞാന്‍: നിനക്കോര്‍മയുണ്ടോ.. നമ്മുടെ മോനു മൂന്നു നാലു വയസുള്ളപ്പോള്‍.. ഞാന്‍ അവനെ ഹിപ്‌നോട്ടൈസ് ചെയ്തു എന്തൊക്കെയോ ചോദിച്ചിരുന്നു.. ഓര്‍ക്കുന്നു .’

‘.സുലു: ആ.. അതെന്തായിരുന്നു? ഞാന്‍: അന്ന് ഞാന്‍ മോനെ പാതി ഉറക്കിക്കെടുത്തി അവന്റെ ഒരു വയസിലും, രണ്ട് വയസിലുമൊക്കെയുള്ള കൂട്ടുകാരുടെ പേരും സംഭവങ്ങളുമൊക്കെ ഒന്ന് ഓര്‍മിപ്പിച്ചെടുത്തതാ. ഞാന്‍ ആദ്യം പറഞ്ഞില്ലേ.. ഒരു വയസുള്ള കുട്ടിക്ക് തന്നെ ആവേശം കൊള്ളിച്ച കാര്യങ്ങള്‍ കൂടിവന്നാല്‍ ഒരു വര്‍ഷം കൂടെ ഓര്‍ത്തിരിക്കാം എന്നു. ആ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവേശം കൊള്ളിച്ച ഓര്‍മ്മകള്‍ ഒന്നുകൂടെ ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ അവര്‍ ആ കാര്യം വീണ്ടും കുറെ വര്‍ഷങ്ങള്‍കൂടെ ഓര്‍ത്തിരിക്കും. അങ്ങനെ അന്ന് ഞാന്‍ മോന്റെ ഓര്‍മയിലുള്ള കാര്യങ്ങള്‍ അവിടന്ന് മാഞ്ഞുപോവുന്നതിനു മുന്നേ ഒന്നുകൂടെ ഓര്‍മിപ്പിച്ചു ഓര്‍മ ദൃഡപ്പെടുത്തി. പിന്നെ അവന്‍ അത് വീണ്ടും കുറെനാള്‍കൂടെ ഓര്‍ത്തിരിക്കും..’

‘..ഇവിടെ ആ സിനിമാതാരം തന്റെ ഒരു വയസിലും, രണ്ട് വയസിലും ഉള്ള ഓര്‍മ്മകളൊക്കെ അതിനു അടുത്ത വര്‍ഷങ്ങളില്‍ വീണ്ടും ഓര്‍ത്തിരിക്കാം. ചിലപ്പോള്‍ താരത്തിന്റെ അച്ഛന്‍ ‘ മൂവാറ്റുപുഴ ആറില്‍ നമ്മള്‍ നീന്തുന്നത് മോള്‍ക്ക് ഓര്‍മയുണ്ടോ? ഗ്രൗണ്ടില്‍ അച്ഛന് പിറകെ ഓടുന്നത് മോള്‍ക്ക് ഓര്‍മയുണ്ടോ ? ‘ എന്നൊക്കെ കുട്ടിക്കാലത്തു വീണ്ടും വീണ്ടും ചോദിച്ചിരിക്കാം. പിന്നീട് ആ കുട്ടി സ്‌കൂളില്‍ കൂട്ടുകാരോടും തന്റെ കുട്ടിക്കാല വീര സാഹസ കഥകള്‍ വിവരിച്ചിട്ടുണ്ടാവാം. അങ്ങനെ അത് ആവര്‍ത്തനപ്പട്ടികപോലെ മനസില്‍ മായാതെ കിടന്നിട്ടുണ്ടാവും. പിനീട് അത് മറക്കില്ല. സുലു: ചേട്ടാ. നിങ്ങള്‍ ആളു പുലിയാ. ട്ടോ. എന്നാലും. അച്ഛന്റെ കൂടെ അവര്‍ ഗ്രൗണ്ടില്‍ക്കൂടെ ഓടുന്നത് : അതും ഒരു വയസ്സില്‍ : ഞാന്‍ പോണു. നിങ്ങടെ ബഡായി വല്ല കൂട്ടുകാരോടും പോയി പറഞ്ഞാല്‍ മതി..’

‘.ഞാന്‍: സുലു. ഡീ സുലു. പോവല്ലേ. ( പോയോ ങാ.. ) ( ആത്മഗതം ) ഗ്രൗണ്ടിലൂടെ അച്ഛന് പിന്നാലെ ഒരു വയസില്‍ പിച്ചവെച്ചു നടന്നത് ഓര്‍മ കാണും. ഒന്നര വയസ്സായപ്പോള്‍ മൂവാറ്റുപുഴ ആറിലേക്കു പോകുന്ന അരുവിയിലോ, അല്ലെങ്കില്‍ ഏതെങ്കിലും കുളത്തിലോ നീന്തിയിട്ടും ഉണ്ടാവും. പിനീട് അച്ഛന്‍ ആ കുട്ടിയെയുകൊണ്ട് മൂവാറ്റുപുഴ ആറിനടുത്തുകൂടെ പോവുമ്ബില്‍ ‘ മോള്‍ ഇവിടെയാണ് നീന്തിയത്. പാലത്തിനു മുകളില്‍നിന്നു വെള്ളത്തിലേക്ക് മോള്‍ ചാടി, കൂടാതെ ‘ ഗ്രൗണ്ടില്‍ മോള്‍ അച്ഛനെ ഓടി തോല്‍പ്പിച്ചുകളഞ്ഞു ‘ എന്നൊക്കെ തമാശയ്ക്കു പറഞ്ഞിട്ടുണ്ടാവാം. അതൊക്കെ പല ആളുകളോട് പലവട്ടം പറഞ്ഞതുകൊണ്ട് ബൈഹാര്‍ട്ടും ആയിട്ടുണ്ടാവും. ഇതൊക്കെച്ചേര്‍ന്നു പിന്നീട് അതൊരു ഫാള്‍സ് മെമ്മറിയായും രൂപപ്പെട്ടിട്ടുണ്ടാവാം. പകുതി യാഥാര്‍ഥ്യവും, പകുതി ഭാവനയും. പക്ഷെ പറയുന്ന ആള്‍ക്ക് അത് യാഥാര്‍ഥ്യം ആയിട്ടേ തോന്നൂ.. ‘