മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു, സ്വന്തം പരാതിയിൽ കുടുങ്ങിയത് ബാങ്ക് മാനേജർ തന്നെ

ബാങ്കുമാനേജകുടെ കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന കേസിൽ വൻ വഴിത്തിരിവ്. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുൽ രഘുനാഥാണ് ബൈക്കിൽ സഞ്ചരിക്കവെ രണ്ടം​ഗ സംഘം കണ്ണിൽ മുളകുപൊടി വിതറി സ്വർണം തട്ടിയെടുത്തെന്ന പരാതി നൽകിയിരുന്നത്.

എന്നാൽ, പൊലീസിന്റെ അന്വേഷണത്തിൽ എല്ലാം രാഹുൽ രഘുനാഥിന്റെ നാടകമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. സ്വന്തം സ്ഥാപനത്തിലെ ഓഡിറ്റിൽ കുറവുണ്ടെന്ന് കണ്ടെത്തിയ സ്വർണത്തിന് പകരം വെക്കാനായിരുന്നു ഇയാൾ 26 ലക്ഷം രൂപയുടെ സ്വർണം കൊള്ളയടിക്കപ്പെട്ടു എന്ന കഥമെനഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ച് രണ്ടം​ഗ സംഘം തന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൊള്ളയടിച്ചു എന്നാരോപിച്ച് രാഹുൽ രഘുനാഥ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൻറെ കണ്ണിൽ മുളകുപൊടി വിതറിയെന്നും കൈയിലുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്നുമായിരുന്നു പരാതി.