ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടി: ആലപ്പുഴയിൽ രണ്ട് പേർ പിടിയിൽ

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപ തട്ടിയെടുത്ത രണ്ടുപേർ കൊല്ലത്ത് പിടിയിൽ. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ, ഹരിപ്പാട് സ്വദേശി സുനിത എന്നിവരെ മഹാരാഷ്ട്രയിൽ നിന്നാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. 300ൽ അധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്.

ജപ്പാനിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് മൂന്നര ലക്ഷം രൂപ വരെ തട്ടി എടുത്ത് മുങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജി.ഡി.ജി.എച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ പരസ്യം പുറത്തിറക്കിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യഗഡുവായി 15000 രൂപ വീതം ഉദ്യോഗാർഥികളിൽ നിന്ന് വാങ്ങി. പലരും ഒന്നര ലക്ഷം വരെ നൽകിയവരും ഉണ്ട്. ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ് ലഭിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും മറ്റ് നടപടികൾ ആകാതെ വന്നതോടെ ആണ്‌ പരാതി നൽകിയത്.

കൊല്ലം എ.സി.പി അഭിലാഷിൻറെ മേൽനോട്ടത്തിൽ ശക്തികുളങ്ങര എസ്.എച്ച്.ഒ ബിനു വർഗീസിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചായിരുന്നു അനേവഷണം. റയിൽവേ പോലീസിൻറെയും സൈബർ സെല്ലിൻറെയും സഹായത്തോടെ പ്രതികളെ നിരീക്ഷിച്ചു. മഹാരാഷ്ട്ര നാഗപ്പൂരിന് സമീപമുള്ള ചന്ദ്രാപ്പൂർ റയിൽവേ സ്റ്റേഷനിൽ വെച്ച് ഇരുവരേയും റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ചു.