അശ്ലീല ഊമക്കത്തുകള്‍ നാട്ടുകാർക്ക് അയച്ച് അയൽവാസികളെ കുടുക്കാൻ ശ്രമം, ഒടുവിൽ സ്വയം കുഴിയിൽ വീണ് കുടുംബം

ആലപ്പുഴ:  അയൽവാസികളെ കള്ളക്കേസിൽ കുടുക്കുന്നതിനായി അശ്ലീല ഊമക്കത്തുകള്‍ നാട്ടുകാർക്ക് അയച്ച
മൂവർസംഘം പിടിയിലായി. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്.
നൂറനാട് സ്വദേശികൾക്ക് ആറു മാസമായി അശ്ലീല ഊമക്കത്തുകള്‍ ലഭിക്കുന്നത് പതിവായിരുന്നു. അയൽവാസിയായ മനോജിന്റെ വീട്ടിലെ കിണറ്റിൽ താൻ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയിൽ പൊലീസിനി സമീപിക്കുന്നത്.

മനോജ് ശ്യാമിന്റെ പേരു വച്ച് അശ്ലീലച്ചുവയുള്ള കത്തുകൾ എഴുതാറുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ആളുകൾക്ക് ശ്യാമിന്റെ പേരിലുള്ള കത്തുകൾ ലഭിച്ചുകൊണ്ടേയിരുന്നു. അശ്ലീലത്തോടൊപ്പം പലര്‍ക്കും വധഭീഷണിയും ഉണ്ടായിരുന്നു. ഇതില്‍ ഒരുകത്ത് പോസ്റ്റ് ചെയ്തിരുന്ന വെണ്‍മണി പോസ്റ്റോഫീസിനു സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് വിമുക്തഭടനായ രാജേന്ദ്രനെ ആദ്യം പോലീസ് പിടികൂടുന്നത്.

രാജേന്ദ്രനെ ചോദ്യംചെയ്തപ്പോള്‍ ജലജയും ശ്യാമും പിടിയിലായി. ജലജയുടെയും ശ്യാമിന്റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റുകളും കവറുകളും പോലീസ് കണ്ടെടുത്തു.അയൽവാസികളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് ശ്യാമിനെ കത്തെഴുത്തിലേക്ക് നയിച്ചത്.

മൊബൈൽ ലൊക്കേഷനിലൂടെ പിടിക്കാൻ മനോജ് പോകുന്ന സ്ഥലങ്ങളിൽ പോയായിരുന്നു കത്തയച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.