വ്യാജ മദ്യ നിർമ്മാണം, പിടിയിലായവരിൽ സിനിമാ താരമായ യുവ ഡോക്ടറും

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം എക്‌സൈസ് കണ്ടെത്തി. സിനിമാ താരമായ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേരെ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 1200 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അതേസമയം ആഴ്ചകൾക്ക് മുൻപാണ് ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തിൽ 16 പേർ മരിച്ച സംഭവം ഉണ്ടായത്.

യമുനാനഗറിലേയും അംബാലയിലേയും ഗ്രാമങ്ങളിലാണ് മദ്യം കഴിച്ചതിനു പിന്നാലെ ആളുകൾ മരിച്ചത്. സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ചവരിലേറെയും കൂലിപണിക്കാരും കർഷകരുമാണ്. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും.

തൊട്ടടുത്ത അംബാലയിൽ നിന്നാണ് വ്യാജമദ്യമെത്തിയത്. ജീവൻ നഷ്ടമായവരിൽ അനധികൃത മദ്യ നിർമ്മാണശാലയിലെ തൊഴിലാളികളുമുണ്ടായിരുന്നു. കാഴ്ച്ച മങ്ങിയും ഛർദിലുമായി കൂടുതൽ പേർ ചികിത്സ തേടിയതോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ധനൌരയിലെ മദ്യ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പോലീസ് വ്യാജ മദ്യം നിർമ്മിക്കാനായി എത്തിച്ച ഉപകരണങ്ങള് പിടിച്ചെടുത്തിരുന്നു.