അനുഷ നടപ്പിലാക്കിയത് സിനിമകളെ വെല്ലുന്ന പദ്ധതി, എല്ലാം അരുണിനെ സ്വന്തമാക്കാൻ

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തിയ യുവതി കുത്തിവയ്പ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ(27) പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം.

കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെയാണ് (25)കൊല്ലാൻ ശ്രമിച്ചത്. മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് വായു ധമനികളിൽ കയറ്റി കൊല്ലാനായിരുന്നു ശ്രമം. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷയെന്ന് പൊലീസ് പറഞ്ഞു. എന്തിനുവേണ്ടിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.

പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുകയായിരുന്നു സ്നേഹ. നഴ്സിന്റെ വേഷം ധരിച്ച് മുറിയിലെത്തിയ അനുഷ കുത്തിവയ്പ് ഉണ്ടെന്ന് സ്നേഹയോട് പറഞ്ഞു. ഇരുവരും തമ്മിൽ നേരത്തെ ചെറിയ പരിചയമുണ്ടായിരുന്നു. അനുഷ ആശുപത്രിയിലെ നഴ്സാണെന്നാണ് സ്നേഹ കരുതിയത്. കുത്തിവയ്പ് എടുത്തപ്പോൾ വേദന കൊണ്ട് സ്നേഹ നിലവിളിച്ചു. ഇതുവകവയ്ക്കാതെ അനുഷ മൂന്നു തവണ കുത്തിവച്ചു. സ്നേഹയുടെ നിലവിളികേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാർ അനുഷയെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ആവശനിലയിലായ സ്നേഹയ്ക്ക് ചികിത്സ തുടങ്ങി.

അനുഷ ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഭർത്താവ് ഗൾഫിലാണ്. പൊലീസ് കസ്റ്റഡിയിലുള്ള അനുഷയെ ചോദ്യം ചെയ്തുവരുന്നു