ക്രൂരമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ചു; തനിക്ക് നേരെയും ആക്രോശിച്ചു

തിരുവനന്തപുരം. മകളുടെ കണ്‍സഷന്‍ പുതുക്കാന്‍ എത്തിയ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം വെളിപ്പെടുത്തലുമായി മകള്‍ രേഷ്മ. പെണ്‍കുട്ടിയാണെന്ന് നോക്കാതെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചു തള്ളി. അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തി തടയുവാന്‍ ശ്രമിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തനിക്ക് നേരെ ആക്രോശിച്ചു. സംഭവത്തില്‍ അഞ്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ബഹളം കേട്ടാണ് തര്‍ക്കം നടന്ന സ്ഥലത്തേക്ക് എത്തിയത്. അച്ഛനെ ജീവനക്കാര്‍ പിടിച്ച് തള്ളുന്നതും അടിക്കുന്നതുമാണ് കാണുന്നത്.

അച്ഛനെ അടുത്തുള്ള മുറിയിലേക്ക് കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചുകൊണ്ട് പോയി. അടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല. മര്‍ദ്ദനം നടന്നിട്ടും ആരും സഹായത്തിന് എത്തിയില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് മകളുടെ കണ്‍സഷന്‍ പുതുക്കുവാന്‍ പ്രേമന്‍ കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തുന്നത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. അമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്. പ്രേമന്‍ പഞ്ചായത്ത് ജീവനക്കാരനാണ്. പ്രേമന്റെ മകളും സുഹൃത്തും മര്‍ദ്ദനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. കണ്‍സഷന്‍ നല്‍കണമെങ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് മുമ്പ് നല്‍കിയതാണെന്നും ഇത് വീണ്ടും നല്‍കാതെ കണ്‍സഷന്‍ നല്‍കാന്‍ കഴിയില്ലേയെന്ന് പ്രേമന്‍ ചോദിച്ചു. എന്നാല്‍ തരുവാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ആളുകളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഇങ്ങനെയാകുവാന്‍ ഇതാണ് കാരണമെന്നും പ്രേമന്‍ പറഞ്ഞതോടെ വലിയ തര്‍ക്കം ആരംഭിച്ചു. പിന്നീലെ നിരവധി കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘടിച്ചെത്തി പ്രേമനെ മര്‍ദ്ദിക്കുകയായിരുന്നു.