14 കാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, കൃത്യം മറച്ചുവെച്ച അമ്മയ്‌ക്കും മുത്തശിക്കും പിഴ

മലപ്പുറം : പരപ്പനങ്ങാടിയിൽ പതിനാലുകാരിയായ മകളെ പീഡിപ്പിച്ച ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം പിഴയും. പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം മറച്ചു വെച്ചതിന് പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും 10,000 രൂപ വീതം പിഴയടക്കാനും പ്രത്യേക കോടതി ജഡ്ജി ഫാത്തിമാ ബീവി വിധിച്ചു. തിരൂരങ്ങാടി പൊലീസ് 2020 മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

2020 മെയ് 21നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്കെതിരെ പിതാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പിതാവിന് വിവിധ വകുപ്പുകളിലായാണ് 139 വര്‍ഷം കഠിനതടവ് വിധിച്ചത്.

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമാ മാലിക് ഹാജരായി. അതേസമയം മറ്റൊരു കേസിൽ 14 വയസ്സായ മകളെ പീഡിപ്പിച്ച കേസിൽ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരത്ത് നടന്ന സംഭവത്തിൽ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയിൽ പറയുന്നു. 2023 ഫെബ്രുവരിയിൽ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.