ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച്‌ കണക്ക്

എറണാകുളം സെന്റ് തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കില്‍ ഇക്കാര്യം ചിത്രമടക്കം പങ്കുവെച്ചത്.

മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ്‌സി, ഒഇസി, ഒബിസി, ജനറല്‍, ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബോര്‍ഡില്‍ കുട്ടികള്‍ കാണ്‍കെ ഇങ്ങനെ എഴുതിയിട്ടത് എന്നാണ് വിശദീകരണം ലഭിച്ചതെന്നും പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കസിന്റെ മകള്‍ പഠിക്കുന്ന ക്ലാസ് മുറിയില്‍ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂള്‍. ജാതി നമ്മളെ വേര്‍തിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേല്‍ മുതിര്‍ന്നവര്‍, അധ്യാപകര്‍, അടിച്ചേല്‍പ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല. കാരണം തിരക്കിയപ്പോള്‍ എന്തോ ഡാറ്റ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബോര്‍ഡില്‍ കുട്ടികള്‍ കാണെ ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങള്‍ ഇപ്പോളോര്‍ത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്, Seriously?! Shame on you teachers whoever wrote this.