കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാര്‍ഥിനികള്‍

കാസര്‍കോട്. കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍. അധ്യാപകനായ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. തല കറങ്ങി വീണ കുട്ടിയോട് പോലും ഇയാള്‍ അതിക്രമം കാട്ടിയെന്ന് പരാതിയില്‍ പറയുന്നു.

എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. 31 സംഭവങ്ങള്‍ എടുത്തു പറയുന്ന ഏഴ് പേജുള്ള പരാതിയില്‍ ക്ലാസിലെ 41 വിദ്യാര്‍ഥികളില്‍ 33 പേരും ഒപ്പിട്ടിട്ടുണ്ട്. നവംബര്‍ 15നാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. പരാതി സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മറ്റിക്ക് കൈമാറി. അതേസമയം പരാതി ഐസിസിയുടെ പരിഗണനയിലാണെന്നും ഈ ഘട്ടത്തില്‍ പ്രതികരിക്കില്ലെന്നും വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.

അതേസമയം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതോടെയാണ് ഇഫ്തിഖറിനെതിരെ പരാതി നല്‍കിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ക്ലാസില്‍ ഇംഗ്ലീഷ് കവിതകള്‍ വ്യാഖ്യാനിക്കുന്നതിനിടെ ഇയാള്‍ ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ അതൃപ്തരാണ്.