യുദ്ധവിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീണ് അപകടം, 2 മരണം

ജയ്‌പൂർ: വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ തകര്‍ന്ന് വീണ് അപകടം. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

യുദ്ധവിമാനം തകർന്നുവീഴുന്നതിന് മിനിറ്റുകൾക്ക് മുൻപ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് പൈലറ്റ് ചാടിയിരുന്നു. അപകടത്തിൽ നിസ്സാര പരിക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. ഇന്ന് രാവിലെയോടെ രാജസ്ഥാനിലെ ഹമുമാൻഗഡ് ജില്ലയിൽ യുദ്ധവിമാനം തകർന്നുവീഴുകയായിരുന്നു.

പൈലറ്റ് സുരക്ഷിതനാണെന്നും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. സൂറത്ത്ഗഡില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം കഴിഞ്ഞയാഴ്ച ജമ്മു ഏജൻസിയിലെ കിഷ്ത്വാർ ജില്ലയിൽ ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് അപകടം ഉണ്ടായിരുന്നു.