​സിനിമാപ്രചാരണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾക്കെതിരെ അസോസിയേഷൻ

കൊച്ചി. സിനിമാപ്രചാരണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തുന്നതായി ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾക്കെതിരെ ആരോപണം. ഇതേത്തുടർന്ന് മലയാളത്തിലെ ഒരു നടന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനി ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളെ ഒഴിവാക്കി നേരിട്ട് പ്രചാരണം നടത്താൻ തീരുമാനിച്ചു.

റിവ്യൂകളുടെ പേരിലുള്ള അധിക്ഷേപവും നവമാധ്യമപ്രചാരണത്തിന്റെ പേരിൽ നിർമാതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും ചർച്ചയായപ്പോഴാണ് ഇരുസംഘടനകളും ചൊവ്വാഴ്ച ഓൺലൈൻ മാധ്യമങ്ങളുടെ യോഗം വിളിച്ചത്. പണം നൽകിയിട്ടും എന്തുകൊണ്ട് മോശം അഭിപ്രായം പറയുന്നുവെന്ന ചോദ്യം മുൻനിര ഓൺലൈൻ മാധ്യമത്തിനുനേർക്ക് ഉയർത്തി.

ഒരു സിനിമയ്ക്ക് ഒരുലക്ഷം രൂപവരെ നൽകിയതായിട്ടായിരുന്നു കണക്ക്. മറ്റുചില പ്രധാനമാധ്യമങ്ങളുടെ പേരിലും പണംതട്ടിപ്പ് നടത്തിയെന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയത്. യോഗത്തിൽ ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളുടെ പ്രതിനിധികൾ എതിർപ്പുയർത്തിയപ്പോൾ ഇത് ബഹളത്തിൽ കലാശിച്ചു.

ക്ഷണമില്ലാതിരുന്നിട്ടും ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളുടെ പ്രതിനിധികൾ യോഗത്തിനെത്തുകയായിരുന്നുവെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ പ്രതിനിധി പറഞ്ഞത്. യോഗത്തിന്റെ വിശദാംശങ്ങൾ അറിയിച്ച് ഫെഫ്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഡിജിറ്റൽ കോ-ഓർഡിനേറ്റർമാർ പങ്കെടുത്തുവെന്ന് പറയുന്നുണ്ട്.