സാമ്പത്തിക പ്രതിസന്ധി; കേരളത്തിന് 960 കോടി രൂപയുടെ കേന്ദ്ര സഹായം

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന കേരളത്തിന് സഹായവുമായി കേന്ദ്രസര്‍ക്കാര്‍. തിങ്കളാഴ്ച ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമായിരുന്ന സംസ്ഥാനത്തിന്റെ സ്ഥിതി ഇത് മൂലം ഒഴിവായി. റവന്യൂകമ്മി നികത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള സഹായധനത്തിന്റെ ഗഡുവായ 960 കോടിരൂപയാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്രസഹായം കിട്ടിയിരുന്നില്ലെങ്കില്‍ കേരളം ഓവര്‍ ഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുമായിരുന്നു. കേന്ദ്രസഹായം ലഭിച്ചാലും ഈ മാസം അവസാനം 2000 കോടി രൂപയെങ്കിലും കടമെടുത്താലെ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നടത്താന്‍ കഴിയു.

ഖജനാവില്‍ പണം ഇല്ലാതാവുമ്പോള്‍ റിവസര്‍് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയായ ആന്‍ഡ് മീന്‍സ് പരിധി കഴിയാറായപ്പോഴാണ് ഈ സഹായമെത്തിയത്. 1683 കോടിരൂപയാണ് കേരളത്തിന്റെ വേയ്‌സ് ആന്‍ഡ് മീന്‍സ് പരിധി. ഇതില്‍ 1600 കോടിയും കേരളം എടുത്തിരുന്നു. വേയ്‌സ് ആന്‍ഡ് മീന്‍സ് പരിധികഴിയുമ്പോഴാണ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് കടക്കുന്നത്. ഓണച്ചെലവ് കഴിഞ്ഞതോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ്‌ലേക്ക് കടക്കുമെന്ന ആശങ്കനിലനിന്നിരുന്നു.

അതേസമയം സംസ്ഥാനത്തിന് വീണ്ടും 6000 കോടി രൂപയെങ്കിലും വീണ്ടും വേണം. ക്ഷേമപെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലുകള്‍ക്കാണിത്. ഇതിനാണ് ഈ മാസം അവസാനം 2000 കോടി കടം എടുക്കുന്നത്. കടമെടുപ്പിന് കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാലും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലും ട്രഷറി നിയന്ത്രണം കൊണ്ടുവരുമെന്നാണ് അറിയുന്നത്.