സാമ്പത്തിക പ്രതിസന്ധി, വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യം വിലക്കി ധനവകുപ്പ്

തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും ചിലവ് ചുരുക്കണമെന്ന് ധനവകുപ്പ്. സെമിനാറുകള്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടത്തുമ്പോള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് ധനവകുപ്പ് നിര്‍ദേശിക്കുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ ചിലവ് ചുരുക്കുവാനും ധനവകുപ്പ് നിര്‍ദേശിക്കുന്നു. അതേസമയം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ നിര്‍ദേശം ലംഘിച്ചാല്‍ പിഴ അടക്കം ചിലവ് ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ എന്നിവ പരാപിടാകള്‍ സംഘടിക്കുമ്പോള്‍ തങ്ങള്‍ക്ക് കീഴിലുള്ള സംവിധാനം ഉപയോഗപ്പെടുത്തണം.

നിര്‍ദേശത്തിന് വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചിലവ് പലിശ സഹിതം തിരിച്ചുപിടിക്കുമെന്നും അതേസമയം ഒഴിവാക്കുവാന്‍ സാധിക്കാത്ത സമയങ്ങളില്‍ വകുപ്പ് സെക്രട്ടറിക്ക് ഇളവ് അനുവദിക്കാമെന്നും ധനവകുപ്പ് നിര്‍ദേശിക്കുന്നു.