വായ്പപ്രതിസന്ധി മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളം നേരിടുന്ന വായ്പപ്രതിസന്ധി മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ . കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ  മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്  ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും  ധനമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.  പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വായ്പയെടുക്കാൻ അനുമതി നേടാൻ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാൻ മുഖ്യമന്ത്രി ധനമന്ത്രിയോട്  നിർദ്ദേശിച്ചു.

അതിനിടെ വായ്പയെടുക്കാൻ അനുമതി നൽകാത്തതിൽ കേന്ദ്രധനമന്ത്രാലയത്തിന് കേരളം മറുപടി നൽകി. കിഫ്ബി ബാധ്യതകളെ സംസ്‌ഥനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളത്തിൻ്റെ മറുപടിയിൽ പറയുന്നു.

കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും കേരളം മറുപടിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വർഷത്തെ വായ്പ കണക്കിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും കേരളം മറുപടി നൽകിയിട്ടുണ്ട്.