താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന് 10000 രൂപ പിഴയീടാക്കി അനുമതി നൽകാൻ നിർദേശം

മലപ്പുറം. താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ഉടമ നാസറിന് ചട്ടം ലംഘിച്ച് ബോട്ട് സര്‍വീസ് നടത്തുവാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയതായി വിവരം. ചട്ടം ലംഘി്ച് നിര്‍മാണം നടത്തിയ ബോട്ടിന് 10000 രൂപ പിഴ ഈടാക്കി സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയെന്നാണ് വിവരം.

ഇത് സംബന്ധിച്ച നിര്‍ദേശം മാരിടൈം ബോര്‍ഡ് സിഇഒയാണ് നല്‍കിയത്. ചട്ടപ്രകാരം ബോട്ട് നിര്‍മിക്കുന്നതിന് അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ അനുമതി വാങ്ങാതെയാണ് നാസര്‍ ബോട്ട് നിര്‍മിച്ചതെന്നാണ് വിവരം. ഇതു ക്രമവല്‍ക്കരിക്കനാണ് സിഇഒ ഇടപെട്ടത്. സിഇഒയുടെ കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. ബോട്ടിന് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് രജിസ്റ്ററിങ് അതോറിറ്റിയും അറിയിച്ചു. ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്ന തുറമുഖ വകുപ്പിന് കീഴിലുള്ള രജിസ്റ്ററിങ് അതോറിറ്റിയുടെ അധ്യക്ഷനും ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ക്കും മാരിടൈം ബോര്‍ഡ് സിഇഒ അയച്ച കത്തിലാണ് അനധികൃത ഇടപെടല്‍ സൂചിപ്പിക്കുന്നത്.

ബോട്ട് അപകടത്തില്‍ 22പേര്‍ താനൂരില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മലപ്പുറം ജില്ലാ കളക്ടറും പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥാണ് വിശദീകരണം ആവശ്യപ്പെട്ടത്.

മേയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷമം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.