താനൂർ കസ്റ്റഡിമരണം, എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം മുഖ്യമന്ത്രിക്ക് പരാതി നല്‍കി താമിര്‍ ജിഫ്രിയുടെ കുടുംബം

താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

പൊലീസ് നടത്തിയത് ക്രൂര പീഡനമായിരുന്നവെന്ന് താമിറിനൊപ്പം പിടിയിലായവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ കയ്യില്‍ ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു. തിങ്കള്‍ രാത്രി ഒന്‍പതു മണിയോടെയാണ് ചേളാരിയില്‍ നിന്ന് താമിര്‍ ഉള്‍പ്പെടുന്ന പന്ത്രണ്ടുപേരെ താനൂരിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചത്. കൈവിലങ്ങുകള്‍ ഇട്ടതിനാല്‍ വേദനിക്കുന്നുവെന്ന് താമിര്‍ പറഞ്ഞു.

പിന്നീട് നടന്നത് പൊലീസിന്റെ നരനായാട്ടായിരുന്നു. പുറത്തുകൊണ്ടുവന്നപ്പോള്‍ താമിര്‍ അവശനായി കുഴഞ്ഞു വീണു. ലഹരി കഴിച്ചതുകൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിഹസിച്ചു. അവശതകള്‍ ഉണ്ടായിട്ടും മൂന്ന് തവണ മര്‍ദ്ദിച്ചു. ഫോണ്‍ ഉപയോഗിക്കരുതെന്നും പുറത്ത് പറയരുതെന്നും പറഞ്ഞ് പുലര്‍ച്ചയോടെ തങ്ങളെ പറഞ്ഞ് വിട്ടു. പൊലീസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെയാണ് തോന്നിയതെന്നും താമിറിനൊപ്പം പിടിയിലായവര്‍ പറഞ്ഞിരുന്നു.