കൊച്ചി തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പൊള്ളൽ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: പുറംകടലില്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. 80 ശതമാനമാണ് പൊള്ളലേറ്റത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. എം.വി. നളിനിയെന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍. മൊത്തം 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

എൻജിൻ റൂണിലാണു തീപിടിത്തമുണ്ടായതെന്നാണു വിവരം. പൊട്ടിത്തെറിയോടു കൂടിയാണു തീപിടിത്തമുണ്ടായതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാഫ്തയുമായി പോകുകയായിരുന്നു കപ്പൽ. കപ്പലിൽ 22 പേരുണ്ട്. ഒരാൾക്ക് 80 ശതമാനം പൊള്ളലേറ്റതായാണു വിവരം. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂർണമായും തകരാറിലായി. പ്രൊപ്പൽഷൻ സംവിധാനവും പ്രവർത്തനരഹിതമായിരിക്കുകയാണ്.

സതേണ്‍ നേവല്‍ കമാന്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ അപകടസ്ഥലത്തേക്കു തിരിച്ചു. ‘സീ കിങ്’ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കുന്നുണ്ട്.