കേജ്‌രിവാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് മുന്നില്‍ ധര്‍ണ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബിജെപി നേതാക്കളുടെയും എഎപി വിമത എംഎല്‍എ കപില്‍ മിശ്രയുടെയും നേതൃത്വത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

സംസ്ഥാനത്ത് ജലവിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, മജീന്ദര്‍ സിങ് സിര്‍സ എംഎല്‍എ എന്നിവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് എതിരെയാണ് സമരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നേരിടുന്ന ജലപ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസില്‍ കൃത്യമായി എത്താതിരുന്നാല്‍ ജനങ്ങള്‍ ആരോട് പരാതി പറയുമെന്നും പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഡല്‍ഹിയില്‍ കൃത്യമായ ജലവിതരണം ഉറപ്പുവരുത്തുന്നതുവരെ സമരം തുടരുമെന്ന് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സയും അറിയിച്ചു.