കുവൈത്തിലെ തീപിടുത്തം, മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി , ആശ്രിതര്‍ക്ക് ജോലി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും, ആശ്രിതർക്ക് ജോലിയും പ്രഖ്യാപിച്ച് എൻബിടിസി. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസാഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരരക്ഷ തുക, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതായിനായി സര്‍ക്കാരിനും എംബസിക്കും ഒപ്പം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും എന്‍ബിടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൃതദ്ദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 19 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം.

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പുറപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം.