അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എന്‍ഐഎയുടെ പിടിയില്‍, 13 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്‌

ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിൻറെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയും മതതീവ്രവാദിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് ഇപ്പോൾ 13 വർഷങ്ങൾക്കു ശേഷം കണ്ണൂരിൽ വച്ച് എൻഐഎയുടെ പിടിയിൽ ആയിരിക്കുകയാണ്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു നാടുവിട്ട സവാദിനെ കഴിഞ്ഞ 13 വർഷമായി കണ്ടെത്താനായിരുന്നില്ല.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റുമാരുള്ള പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ‌ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ.നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ നാസർ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിനു സവാദിനെ അവസാനമായി കണ്ടതു കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനു ചെറിയതോതിൽ പരുക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു.

ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം, 2010 ജൂലൈ നാലിനാണു തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസർ ടി.ജെ. ജോസഫിൻറെ കൈ വെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻഐഎ കണ്ടെത്തൽ.

ആദ്യഘട്ട വിചാരണയിൽ 31 പേരിൽ 13 പേരെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പ്രാഥമിക ഘട്ടത്തിൽ കേരള പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒമ്പതിനാണ് എൻഐഎ ഏറ്റെടുത്തത്. തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ വിധി പ്രസ്താവം വരുന്നത് സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷം. കേരളത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു അധ്യാപകന്റെ കൈവെട്ട് കേസ്. സംസ്ഥാനത്ത് ഇതിന് മുൻപ് കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ക്രൂരകൃത്യം.

തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രൊഫസർക്കെതിരായ ആക്രമണം. ചോദ്യ പേപ്പർ തയ്യാറാക്കിയ ടി ജെ ജോസഫിന്റെ കൈപ്പത്തി പ്രതികൾ വെട്ടിമാറ്റുകയായിരുന്നു. ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ കഴിയവെയാണ് ജോസഫ് ആക്രമിക്കപ്പെടുന്നത്.2010 ജൂലൈ നാലിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും എന്നാണ് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് അന്വേഷിച്ച എൻ ഐ എയും കണ്ടെത്തിയത്. പ്രതികൾക്ക് വിദേശത്ത് നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു.സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത എൻ ഐ എ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്.

പ്രതികൾക്കെതിരെ എൻ ഐ എ യു എ പി എ ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം വർഷങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30 ന് ആണ് വിധിപറഞ്ഞിരുന്നത്.37 പ്രതികളിൽ 11 പേരെയാണ് അന്ന് ശിക്ഷിച്ചത്. 26 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. ആദ്യ ഘട്ടത്തെ വിചാരണയ്ക്ക് ശേഷമാണ് ഇവരിൽ പലരും അറസ്റ്റിലാകുന്നത്. മുഖ്യ സൂത്രധാരനും ആലുവ സ്വദേശിയുമായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ്, അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവരാണ് രണ്ടാം ഘട്ട പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടിരിക്കുന്നത്. ഒളിവിലുള്ള ഒന്നാംപ്രതി എറണാകുളം ഓടയ്ക്കാലി സ്വദേശി സവാദിനായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയും എൻഐഎ പ്രഖ്യാപിച്ചിരുന്നു.