ഒരു രാത്രി മുഴുവൻ കടലിൽ അകപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടി, കൂട്ടുകാരനെ കണ്ടെത്താത്തതിൽ ആശങ്ക

മലപ്പുറം താനൂർ തേവൂർ കടപ്പുറത്തുനിന്ന് പോയ രണ്ട് യുവാക്കളുടെ ചെറിയ ഫൈബർ വള്ളം കടലിൽ താഴ്ന്നിരുന്നു. താനൂർ സ്വദേശി ഏനിന്റെ പുരയ്ക്കൽ നസ്‌റുദ്ദീൻ (21), കൂട്ടായി സ്വദേശി യാറുകടവത്ത് സിദ്ദീഖ് (25) എന്നിവരാണ് വള്ളത്തിൽ നിന്ന് കടലിലേക്ക് വീണത്. വലിയ ബോട്ടിൽനിന്ന് മാറ്റിക്കയറ്റിയ മീനുമായി പൊന്നാനി അഴിമുഖത്തേക്കു വരുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.

പൊന്നാനി കരയിൽനിന്ന് 2 കിലോമീറ്റർ അകലെ എത്തിയപ്പോൾ അവരുടെ ചെറിയവെള്ളം കടലിൽ താഴുന്നത്. വലിയ ബോട്ടിന് യന്ത്രത്തകരാർ ഉണ്ടായതിനെത്തുടർന്നാണ് ഇതിലുണ്ടായിരുന്ന മുഴുവൻ മീനും ചെറു ബോട്ടിലേക്ക് കയറ്റിയത്. രണ്ടു പേരും കടലിൽ അകപ്പെട്ടു.

കടലിൽ വള്ളം മുങ്ങുമ്പോൾ നസ്‌റുദ്ദീന്റെ കയ്യിൽ രക്ഷയ്ക്കായി ഉണ്ടായിരുന്നത് ഒരു പ്ലാസ്റ്റിക് കന്നാസ് മാത്രം. തിരയടിയിൽപെട്ട് ഏറെത്താമസിയാതെ അതും കൈവിട്ടു പോയി. ഒപ്പം നീന്തിയ കൂട്ടുകാരൻ സിദ്ദീഖിനെയും കാണാനില്ല. പിന്നീട് ഒരു രാത്രി മുഴുവൻ കരകാണാക്കടലിൽ ഒറ്റയ്ക്കു നീന്തിയ നസ്‌റുദ്ദീനെ പുലർച്ചെ ഏഴിന് മന്ദലാംകുന്നിൽ വലയിടാനെത്തിയ വള്ളക്കാർ കണ്ടെടുത്തു. 15 കിലോമീറ്ററോളം കടലിൽ ഒഴുകിനടന്ന ശേഷം ജീവൻ തിരിച്ചുകിട്ടിയെങ്കിലും കൂട്ടുകാരനെ കാണാത്തതിന്റെ സങ്കടത്തിലാണ് നസ്റുദ്ദീൻ.