കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് മാസം ഗര്‍ഭിണിയായ 25കാരി ഡോക്ടര്‍ മരിച്ചു

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോലും വീണു പോവുകയാണ്. മാനന്തവാടി സ്വദേശിയായ ലാബ് ടെക്‌നീഷ്യന്‍ മേപ്പാടി സ്വദദേശിനി അശ്വതിയുടെ മരണത്തിന് പിന്നാലെ ആരോഗ്യ രംഗത്ത് നിന്നും ഒരു ജീവന്‍ കൂടി അപഹരിച്ചിരിക്കുകയാണ് കോവിഡ്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 25കാരിയായ വനിത ഡോക്ടറാണ് മരിച്ചത്. തലശ്ശേരി പാലിശ്ശേരി നബാംസം വീട്ടില്‍ ഡോ. സി.സി മഹ ബഷീര്‍ ആണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായ മഹ മംഗളൂരു ഇന്ത്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

മഹ മരിച്ചതിന് ശേഷം ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ശ്വാസതടസ്സം അുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേര്‍ളക്കട കണച്ചൂര്‍ മെഡിക്കല്‍ കോളജില്‍ എംഡിക്ക് പഠിക്കുകയായിരുന്നു മഹ.

കാസര്‍കോട് മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ് മഹ. പാലിശ്ശേരിയിലെ സി.സി അബ്ദുള്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങള്‍: മാസിന്‍ ബഷീര്‍, മിസ്‌നാന്‍ ബഷീര്‍, മിലാസ് ബഷീര്‍. മൃതദേഹം തലശ്ശേരിയില്‍ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.