ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കൊല്ലം പുഴമ്പള്ളി സജില മൻസിലിൽ ഷിഹാനെ(42)യാണ് പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ എ. അനീഷ് അറസ്റ്റു ചെയ്തത്.

വിദ്യാർഥിനികൾ സ്‌കൂൾവിട്ട് വീട്ടിലേക്ക് പൂക്കോട്ടുംപാടത്തുനിന്ന്‌ തേൾപാറ ബസിൽ പോകുന്നതിനിടയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇതേ ബസിൽ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഷിഹാൻ കുട്ടികളുടെ ഇടയിൽ കയറിനിന്ന് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പരാതി. കുട്ടികൾ ഉടനെ പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തതോടെ നാട്ടുകാർ ഇടപെട്ടു. തിങ്കളാഴ്ച അഞ്ചുമണിയോടെ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ഇയാൾ ജോലിചെയ്യുന്ന ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ തടിച്ചുകൂടി.

നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാൽ, നിലമ്പൂർ ഡിവൈ.എസ്.പി. ടി.എം വർഗീസ്, പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ എ. അനീഷ് എന്നിവർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകീട്ടുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു കുട്ടികളുടെ പരാതിയും മൊഴിയും രേഖപ്പെടുത്തി. പോക്‌സോ അടക്കം മൂന്നു കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. വനം വകുപ്പിൽ 18 വർഷത്തോളമായി ജോലി ചെയ്യുന്ന ഷിഹാനെതിരേ മുൻപും സമാന പരാതികളും രണ്ടു കേസുകളുമുണ്ട്.ചൊവ്വാഴ്ച വൈകീട്ടോടെ ഇയാളെ നിലമ്പൂർ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നിരവധി ആരോപണങ്ങളും സസ്‌പെൻഷനും നേരിട്ട സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഷിഹാനെതിരേ വകുപ്പുതല നടപടിക്കായി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ഉന്നതാധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.